നഷ്ടഭീതിയിൽ മൊത്ത വ്യാപാരികൾ
കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് പ്രധാന പാതകളുൾപ്പെടെ അടച്ച് യാത്രാ നിയന്ത്രണം കർശനമാക്കിയതോടെ ഒറ്റപ്പെട്ട തുരുത്തായി കൊല്ലം കമ്പോളം. മിക്ക റോഡുകളും പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചതോടെ നഗരത്തിൽ നിന്ന് കമ്പോളത്തിലെത്താൻ മാർഗമില്ലാതെ വ്യാപാരികളും ഉപഭോക്താക്കളും വലയുകയാണ്.
നഗരത്തിലും സമീപപ്രദേശങ്ങളിലും അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരികൾ ഉൾപ്പെടെ ആശ്രയിക്കുന്നത് കൊല്ലം കമ്പോളത്തെയാണ്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം പലർക്കും കമ്പോളത്തിലെത്താൻ കഴിയുന്നില്ലെന്നാണ് പരാതി. ഇവിടേക്കുള്ള പ്രധാന പാതയിലെത്തുന്ന പുതിയപാലം, ആശുപത്രിമുക്ക് റോഡ്, പള്ളിത്തോട്ടം പാലം, ആണ്ടാമുക്കം എന്നിവിടങ്ങളിലെല്ലാം ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.
ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു
കച്ചവടം കുറഞ്ഞതോടെ അവശ്യവസ്തുക്കളും പെട്ടെന്ന് കേടുവരുന്ന ഉത്പന്നങ്ങളും കമ്പോളത്തിലെ മൊത്ത വ്യാപാരികളുടെ പക്കൽ കെട്ടിക്കിടക്കുകയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും യാത്രാ നിയന്ത്രണം മൂലം ചില്ലറ വില്പനക്കാർ പഴയതോതിൽ കമ്പോളത്തിലെത്തുന്നില്ല. തുടർന്നുള്ള ദിവസങ്ങളിലും വ്യാപാരം തടസപെട്ടാൽ ലക്ഷങ്ങളുടെ നഷ്ടമായിരിക്കും വ്യാപാരികൾക്കുണ്ടാകുക.
അനധികൃത അറവും വിൽപ്പനയും
ലോക്ക് ഡൗണിനെ തുടർന്ന് ലൈസലൻസുള്ള വ്യാപാരികൾക്ക് പോലും നിയന്ത്രണങ്ങൾ വിലങ്ങായപ്പോൾ നഗരത്തിൽ അനധികൃത അറവും മാംസവ്യാപാരവും പൊടിപൊടിക്കുന്നു. കമ്പോളത്തിലേക്ക് ഉപഭോക്താക്കൾക്ക് എത്താൻ കഴിയാത്തതും ആരോഗ്യവകുപ്പ് പരിശോധന ശക്തമല്ലാത്തതും ഇത്തരക്കാർക്ക് പ്രചോദനമായി.
നഗരത്തിലെ പലയിടങ്ങളിലും മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃത മാംസ വില്പനശാലകൾ കൂണുപോലെ മുളച്ചുപൊന്തി. അറവുമൃഗത്തിന്റെ തല പ്രദർശിപ്പിക്കരുതെന്ന കോടതി ഉത്തരവ് പോലും ഇവർ നഗ്നമായി ലംഘിക്കുകയാണ്. മാംസ വില്പനശാലകളിൽ പാലിക്കേണ്ടുന്ന നടപടിക്രമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലാണ് ഇത്തരക്കാരുടെ പെരുമാറ്റം.
പ്രധാനപാതയുടെ ഓരങ്ങളിൽ യഥേഷ്ടം ആരംഭിച്ച ഇത്തരം വ്യാപാരശാലകൾക്ക് നഗരസഭ മൗനാനുവാദം നൽകിയിരിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ തിരക്കിൽ ആരോഗ്യവകുപ്പും ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്.