ഓച്ചിറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉച്ചഭക്ഷണവും കുടിവെള്ളവുമായി നന്മവണ്ടി ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തി. രണ്ടാം ഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ ദിനങ്ങളിൽ പൊലീസിനെ സഹായിക്കുന്ന സന്നദ്ധ പ്രവർത്തകരായ കൊവിഡ് പോരാളികൾക്കാണ് നന്മവണ്ടി പ്രവർത്തകർ ഉച്ചഭക്ഷണം വിതരണംചെയ്തത്. എല്ലാദിവസവും പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രാതൽ നൽകുന്ന സുമനസുകളുടെ കൂട്ടായ്മയാണ് നന്മവണ്ടി. കൊവിഡ് പോരാളികൾക്ക് ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ നന്മവണ്ടി പ്രവർത്തകർ പ്രാതൽ എത്തിക്കും.
ഓച്ചിറ എസ്.എച്ച്.ഒ ആർ. പ്രകാശ് നന്മവണ്ടി പ്രവർത്തകരിൽ നിന്ന് ഉച്ചഭക്ഷണവും കുടിവെള്ളവും ഏറ്റുവാങ്ങി. എസ്.ഐ അനീഷ്, സീനിയർ പൊലീസ് ഓഫീസർ നൗഷാദ്, സ്റ്റേഷൻ പ്രോട്ടോക്കോൾ ഓഫീസർ ഹരി, നന്മവണ്ടി പ്രവർത്തകരായ അബ്ദുൽ ഷുക്കൂർ, തൊടിയൂർ സന്തോഷ്, ഹാരീസ് ഹാരി, എം.കെ. ബിജു മുഹമ്മദ് എന്നിവർ പങ്കെടുത്തു.