കരുനാഗപ്പള്ളി: കൊവിഡ് രണ്ടാംഘട്ട വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ കരുനാഗപ്പള്ളിയിൽ പൂർണം. ദേശീയപാതയും ഗ്രാമീണ റോഡുകളും വിജനമായിരുന്നു. സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞു. ദേശീയ പാതയിലെ പ്രധാന നാൽക്കവലകളിലും ഗ്രാമീണ റോഡുകളുടെ പ്രധാന ജംഗ്ഷനുകളിലും പൊലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്. തിരിച്ചറിയൽ രേഖകളും സത്യവാങ്മൂലവും കൈവശമുള്ളവരെ മാത്രമേ വാഹനങ്ങളിൽ പോകാൻ അനുവദിച്ചുള്ളൂ. മെഡിക്കൽ സ്റ്റോറുകൾ, ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുടങ്ങിയവ മാത്രമാണ് കൊവിഡ് മാനദണ്ഡം പാലിച്ച് തുറന്ന് പ്രവർത്തിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്.