ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ പ്രീമെട്രിക് ഹോസ്റ്റലിൽ സജ്ജമാക്കിയ സ്റ്റെപ്പ് ഡൗൺ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും. രാവിലെ 10ന് നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ കേന്ദ്രം ഉദ്ഘാടനം ചെയ്യും.
അൻപത് കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഹെൽപ് ഡെസ്കിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനവും ലഭ്യമാണ്. കുടുംബശ്രീയുമായി സഹകരിച്ചാണ് കേന്ദ്രത്തിലേക്ക് വേണ്ട ഭക്ഷണമെത്തിക്കുന്നത്. ഡി.വൈ.എഫ്.ഐ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാത്തന്നൂർ കോയിപ്പാട് കുറുങ്ങലിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തി കേന്ദ്രം സജ്ജമാക്കിയത്.
ബ്ളോക്ക് പരിധിയിൽ മോണിറ്ററിംഗ് സമിതി, കോഡ് ഫെസിലിറ്റേഷൻ സെന്റർ, അഞ്ച് പഞ്ചായത്തുകളിലും വാർഡുതല ജാഗ്രതാ സമിതി എന്നിവയും രൂപീകരിച്ചിട്ടുണ്ടെന്ന് ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള അറിയിച്ചു.