കൊട്ടാരക്കര: ലോക്ക് ഡൗൺ കാലത്ത് മദ്യവില്പന നടത്തിയ മുൻ അബ്കാരി കേസിലെ പ്രതി പിടിയിൽ.. ചക്കുവരയ്ക്കൽ സ്വദേശി ബിജുവിനെയാണ് കൊട്ടാരക്കര എക്സൈസ് സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്ന് 45 കുപ്പി മദ്യം പിടിച്ചെടുത്തു. ബിജുവിന്റെ കടയിൽ ചെറിയ കുപ്പികളിലാക്കിയായിരുന്നു മദ്യ വില്പന നടത്തിയിരുന്നത്. ഫ്രൂട്ടി കുപ്പികളിൽ 250 രൂപ നിരക്കിലായിരുന്നു വില്പന. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാരായം വാറ്റാനായി നൂറ് ലിറ്റർ കോട വീടിന് സമീപം സൂക്ഷിച്ചിരുന്ന പുത്തൂർ തെക്കുംപുറം സ്വദേശി ഓമനക്കുട്ടൻ, 120 ലിറ്റർ കോട വീടിന് സമീപം സൂക്ഷിച്ചിരുന്ന തേവലപ്പുറം സ്വദേശി അജികുമാർ, ഒരു ലിറ്റർ ചാരായം കൈവശം വച്ചിരുന്ന പുത്തൂർ തെക്കുംപുറം സ്വദേശി ഗിരീഷ് കുമാർ(പൊടി) എന്നിവർക്കെതിരെയും എക്സൈസ് സംഘം കേസെടുത്തു. എക്സൈസ് സി.ഐയുടെ ടീം അംഗങ്ങളായ ബാബുസേനൻ, എം.എസ്.ഗിരീഷ്, സുനിൽജോസ്, ദിലീപ് കുമാർ, നഹാസ്, അനിൽകുമാർ, കൃഷ്ണരാജ്, മനാഫ് എന്നിവർ റെയ്ഡുകളിൽ പങ്കെടുത്തു.