കരുനാഗപ്പള്ളി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലിറ്റർ ചാരായം എക്സൈസ് സംഘം പിടിച്ചെടുത്തു. രണ്ട് പേരിൽ നിന്നാണ് ചാരായം പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പാവുമ്പാ മുട്ടാണി കോളനിയിൽ വെച്ച് 10 ലിറ്റർ ചാരായം വില്പന നടത്തിയ കരുനാഗപ്പള്ളി പാവുമ്പ വടക്ക് മുറിയിൽ ശരത് ഭവനത്തിൽ ഗോപി (48), തേവലക്കര അരിനല്ലൂർ മുട്ടം
ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചു ലിറ്റർ ചാരായം കൈവശം വെച്ചിരുന്ന കരുനാഗപ്പള്ളി തേവലക്കര അരിനല്ലൂർ മുട്ടം മുറിയിൽ ആഞ്ചലോസ് ഭവനത്തിൽ ഫ്രാൻസ് (39) എന്നിവരെയാണ് പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, കിഷോർ, സുധീർ ബാബു, ഡ്രൈവർ ശിവൻകുട്ടി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.