ചാത്തന്നൂർ: കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി ചിറക്കര ഗ്രാമപഞ്ചായത്ത്. ദ്രുതകർമ്മസേനാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് ക്ലസ്റ്ററുകൾ അടച്ചുപൂട്ടിയതിന് പുറമെ വാർഡുതല സമിതികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്.
പഞ്ചായത്തിൽ സജ്ജമാക്കിയ കൊവിഡ് വാർ റൂം ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനക്ഷമമാണ്. ഹെൽപ്പ് ഡെസ്കുമായോ ആരോഗ്യവിഭാഗം ജീവനക്കാരുമായോ ബന്ധപ്പെടുന്നവർക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നുണ്ട്. രോഗബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും മരുന്നും ഭക്ഷ്യധാന്യങ്ങളും എത്തിക്കുന്നതിന് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാളണ്ടിയർമാരും രംഗത്തുണ്ട്.
കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽ നിന്ന് ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നതിനും സംവിധാനമേർപ്പെടുത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സന്നദ്ധ പ്രവർത്തകർക്ക് പഞ്ചായത്തിൽ നിന്ന് തിരിച്ചറിയൽ രേഖ നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാ ദേവി അറിയിച്ചു.
ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കും
രോഗവ്യാപനം തുടർന്നാൽ രോഗികളെ വീടുകളിൽ നിന്ന് മാറ്റിത്താമസിപ്പിക്കുന്നതിന് ഡൊമിസിലിയറി കെയർ സെന്ററുകളും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും അടിയന്തരമായി സജ്ജമാക്കും. ഇതിനായി പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾ പരിശോധിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്തി തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർ ഉത്തരവ് നൽകുന്ന മുറയ്ക്ക് ഇവയുടെ പ്രവർത്തനം ആരംഭിക്കും.