കൊല്ലം: കൊവിഡ് ബാധിതരെ കൊള്ളയടിച്ച് സ്വകാര്യ ആശുപത്രികൾ. 14 ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി രോഗിയിൽ നിന്ന് പിടിച്ചുവാങ്ങിയത് അഞ്ചരലക്ഷം രൂപയാണ്. സർക്കാർ മേഖലയിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് സ്വകാര്യ ആശുപത്രികൾ മുതലെടുക്കുന്നത്.
ഒരു ദിവസം ഡോക്ടറെത്തി പരിശോധിക്കുന്നതിന് മാത്രം രണ്ടായിരം രൂപ വീതമാണ് ഈടാക്കിയത്. ചില ആശുപത്രികൾ ഓക്സിജനും വൻതുക ഈടാക്കുന്നുണ്ട്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് തയ്യാറല്ലായിരുന്നു. മറ്റ് ചികിത്സയ്ക്കെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവരെപ്പോലും സർക്കാർ ആശുപത്രികളിലേക്ക് പറഞ്ഞയ്ക്കുകയായിരുന്നു. മറ്റ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് കൊവിഡ് ചികിത്സ തുടങ്ങിയത്. പക്ഷേ ചികിത്സാ ചെലവ് സർക്കാർ നൽകുന്ന കാരുണ്യപദ്ധതിയുടെ ഗുണഭോക്താക്കൾക്കും കൊവിഡ് ചികിത്സ നൽകാൻ തയ്യാറാകുന്നില്ല. ആരോഗ്യ വകുപ്പ് കർശനമായി പറയുമ്പോൾ മാത്രമാണ് സ്വകാര്യ ആശുപത്രികൾ ഒന്നും രണ്ടും കാരുണ്യ ഗുണഭോക്താക്കളെ പ്രവേശിപ്പിക്കുന്നത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള മിതമായ നിരക്ക് മാത്രമേ കാരുണ്യ പദ്ധതിയിൽ നിന്ന് ലഭിക്കുകയുള്ളു. അതുകൊണ്ടാണ് എത്ര അത്യാസന്ന നിലയിലായാലും കാരുണ്യ ഗുണഭോക്താക്കളെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്തത്.