കൊല്ലം: കൊവിഡ് പോസിറ്റീവായ കൊട്ടിയം സ്വദേശിയായ മദ്ധ്യവയസ്കനെ പരിശോധനാഫലം നൽകി വീട്ടിലേക്കയച്ച് ലാബ് അധികൃതർ. കൊല്ലത്തെ സ്വകാര്യ മൈക്രോ ലാബാണ് ഗുരുതര വീഴ്ച വരുത്തിയത്. വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുകയോ മുൻകരുതൽ സ്വീകരിക്കുകയോ ചെയ്തില്ല.
ചിന്നക്കടയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനോട് ഓട്ടോറിക്ഷാ ഡ്രൈവറാണ് വിവരം കൈമാറിയത്. തടഞ്ഞുനിറുത്തി രേഖകൾ പരിശോധിച്ചപ്പോൾ കൊവിഡ് പോസിറ്റീവ്. തുടർന്ന് പൊലീസ് ഇയാൾക്ക് സാനിറ്റൈസറും മാസ്കും ഗ്ളൗസും നൽകി. ജില്ലാ ആശുപത്രിയിൽ നിന്ന് എത്തിച്ച
ആംബുലൻസിൽ മദ്ധ്യവയസ്കനെ പിന്നീട് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
തുടർന്ന് സിവിൽ ഡിഫൻസ് വോളണ്ടിയർമാർ ചിന്നക്കടയിൽ അണുനശീകരണം നടത്തി.
രാവിലെ പതിനൊന്നരയോടെയാണ് ഇയാൾ ചിന്നക്കടയിലൂടെ നടന്നുവന്നത്. കൊല്ലത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു പാർക്കിലെ കാവൽ ജോലിക്കാരനായിരുന്നു. പാർക്കിലെ വിശ്രമമുറിയിലായിരുന്നു കുറച്ച് ദിവസമായി താമസം. രണ്ട് ദിവസം മുൻപ് രോഗലക്ഷണം കണ്ടതോടെ സ്വകാര്യ മൈക്രോ ലാബിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. ലാബിൽ നിന്ന് പോസിറ്റീവാണെന്ന വിവരം ഫോണിൽ വിളിച്ചറിയിച്ചപ്പോൾ നേരിട്ടെത്തി പരിശോധനാ ഫലം കൈപ്പറ്റുകയായിരുന്നു.
''സ്വകാര്യ ലാബിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും.
ആരോഗ്യവകുപ്പ്