vyapari

കൊല്ലം: കൊവിഡ് പ്രതിരോധത്തിനുള്ള നിരന്തര അടച്ചിടലുകൾ വ്യാപാര മേഖലയിൽ സൃഷ്ടിച്ച ദുരിതങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു.

ഒന്നരവർഷമായി നീണ്ടുനിൽക്കുന്ന പ്രതിസന്ധിയിൽ വ്യാപാര മേഖലയും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും കുടംബങ്ങളും കടബാദ്ധ്യതയിലാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. ലോക്ക്ഡൗൺ ദുരിതം ഒഴിവാക്കാൻ വ്യാപാരികൾക്കും തൊഴിലാളികൾക്കും അതത് ഷേമനിധി ബോർഡുകളിൽ നിന്ന് ധനസഹായം അനുവദിക്കണം. സ്ഥാപനങ്ങൾ തുടർന്ന് പ്രവർത്തനം തുടങ്ങുന്ന അവസരത്തിൽ സഹായകരമാകുന്ന തരത്തിൽ കേരളാ ബാങ്കിൽ നിന്ന് വാർഷിക വിറ്റുവരവിന് ആനുപാതികമായ പലിശ രഹിത വായ്പ അനുവദിക്കണം. വായ്പയുടെ തിരിച്ചടവിന് ആറുമാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് 24 മാസത്തെ തുല്യ ഗഡുക്കളായി അടച്ചുതീർക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓൺലൈനായി ചേർന്ന യോഗത്തിൽ സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി. അനിൽ, ട്രഷറർ തെക്കടം ഹരീഷ്, വൈസ് പ്രസിഡന്റ് കൃഷ്ണൻ കുട്ടി, ലേഖാ സുരേഷ്, സെകട്ടറി ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.