namo-kitchen
ഉളിയക്കോവിലിലെ നമോ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നു

കൊല്ലം: കൊവിഡ് ബാധിച്ച് അവശരായി കഴിയുന്ന ഉളിയക്കോവിൽ സ്വദേശികൾക്ക് സൗജന്യ ഭക്ഷണമെത്തിച്ച് നമോ അടുക്കള. ഉളിയക്കോവിൽ കൗൺസിലർ ടി.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്ന് നൂറോളം പേർക്കാണ് ദിവസവും മൂന്നുനേരം ഭക്ഷണമെത്തിക്കുന്നത്.

എസ്.എൻ.ഡി.പി യോഗം 704-ാം നമ്പർ ഉളിയക്കോവിൽ ശാഖാ അങ്കണത്തിൽ വച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. സ്ഥലം വിട്ടുനൽകിയതിന് പുറമേ വൈദ്യുതിയും ശാഖാ ഭാരവാഹികൾ സൗജന്യമായി നൽകി. പ്രദേശവാസികൾ കൂട്ടായാണ് പാചകം. ഒരു ദിവസം ഏകദേശം 9,000 രൂപയാണ് ചെലവ്. ചോദിക്കാതെ തന്നെ പ്രദേശവാസികൾ അടക്കമുള്ളവർ സംഭാവനകൾ നൽകുന്നുണ്ട്. ഇന്നലെ 112 പേർക്ക് ഇവിടെ നിന്ന് ഭക്ഷണം നൽകി.

നിലവിൽ ആഹാരം പാകം ചെയ്യാൻ കഴിയാത്തവർക്ക് മാത്രമാണ് ഭക്ഷണമെത്തിക്കുന്നത്. ശാരീരിക അവശതകളില്ലാത്തവർക്ക് ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നുമുണ്ട്.

നാട്ടുകാരുടെ ആത്മാർത്ഥമായ സഹായവും പിന്തുണയും നമോ അടുക്കളയ്ക്ക് ലഭിക്കുന്നുണ്ട്. പ്രദേശവാസികളായ പ്രവാസികൾ ഫോണിൽ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടി.ആർ. അഭിലാഷ് (കൗൺസിലർ, ഉളിയക്കോവിൽ)

നമോ അടുക്കളയിൽ നിന്ന്

രാവിലെ: ഇടിയപ്പം, മുട്ടക്കറി

ഉച്ചയ്ക്ക്: ചോറ്, സാമ്പാർ, അവിയൽ, തോരൻ, രസം, അച്ചാർ

രാത്രി: ചപ്പാത്തി, വെജിറ്റബിൾ കറി