engi

കൊല്ലം: യാതൊരു വിധ ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന മൊബൈൽ സംഘങ്ങൾ എൻജിനിയറിംഗ് വർക്ക്ഷോപ്പ് മേഖലയ്ക്ക് പാരയാകുന്നു. പരിചയ സമ്പത്തില്ലാത്ത ഇക്കൂട്ടർ ഏറ്റെടുക്കുന്ന പല പ്രവൃത്തികളും പാതിവഴിയിൽ ഉപേക്ഷിക്കുന്നതാണ് പതിവ്. എങ്ങനെയെങ്കിലും പൂർത്തിയാക്കുന്നവ നിരന്തരം അറ്റകുറ്റപ്പണി നടത്തേണ്ട അവസ്ഥയാണ്.

മലിനീകരണ നിയന്ത്രണ ബോർഡ്, പഞ്ചായത്ത്, ഫയർ ആൻഡ് റെസ്ക്യൂ തുടങ്ങിയ അഞ്ചോളം ലൈസൻസുകളുണ്ടെങ്കിലേ ഒരു എൻജിനിയറിംഗ് വർക്ക്ഷോപ്പ് തുടങ്ങാനാകൂ. ഇതിന് പുറമേ തൊഴിൽ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കണം. ലൈസൻസ് എടുക്കുന്നതിന് പുറമേ പുതുക്കാനും വൻ പണച്ചെലവുണ്ട്.

ഇതൊന്നുമില്ലാതെ സാധനങ്ങൾ വാടകയ്ക്കെടുത്താണ് മൊബൈൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. കുറഞ്ഞ നിരക്കിൽ പ്രവൃത്തികൾ ചെയ്യാൻ നിലവാരമില്ലാത്ത സാധനങ്ങളും പരിചയ സമ്പത്തില്ലാത്ത ജോലിക്കാരെയുമാണ് ഇവർ ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ഇവരെ വിളിച്ചാൽ കിട്ടാറില്ല. ഇത്തരക്കാർ പൂർത്തിയാക്കുന്ന പ്രവൃത്തികൾ അറ്റകുറ്റപ്പണി നടത്താൻ വർക്ക്ഷോപ്പുകാരെ നിരന്തരം ആശ്രയിക്കേണ്ട അവസ്ഥയിലാണ് പലരും.

 ഗുണനിലവാരം ഉറപ്പാക്കണം

വീടുകളിൽ എൻജിനിയറിംഗ് ജോലികൾ നടക്കുമ്പോൾ കെ.എസ്.ഇ.ബിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം. വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോൾ വയർമാന്റെ ലൈസൻസ് സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇതുപോലെ എൻജിനിയറിംഗ് ജോലികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കെ.എസ്.ഇ.ബിയിൽ നിന്നുള്ള അനുമതിക്ക് പ്രവൃത്തി ചെയ്യുന്നവരുടെ ലൈസൻസ് നിബന്ധമാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

''

എൻജിനിയറിംഗ് ജോലികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്കുള്ള അപേക്ഷയ്ക്കൊപ്പം ലൈസൻസ് നിർബന്ധമാക്കണം. എൻജിനിയറിംഗ് വർക്ക്ഷോപ്പ് മേഖലയിലുള്ളവരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം. ഇ.എസ്.ഐ ആനുകൂല്യവും ലഭ്യമാക്കണം.

ആർ. വിജയൻപിള്ള, സംസ്ഥാന കൺവീനർ

സ്റ്റേറ്റ് എൻജി. വർക്ക് ഷോപ്പ്സ് അസോ.