crmahesh
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗം നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊവിഡ് അവലോകന യോഗം ചേർന്നു

ഓച്ചിറ : കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ അടിയന്തര അവലോകനയോഗം ചേർന്നു. നിയുക്ത എം.എൽ.എ സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കെ.എം.എം.എല്ലിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഓക്സിജൻ ബെഡുള്ള കൊവിഡ് ചികിത്സാ ആശുപത്രി അടിയന്തര സാഹചര്യം നേരിടാൻ പര്യാപ്തമാണെന്ന് സി.ആർ. മഹേഷ് അറിയിച്ചു.

നിലവിലുള്ള ചികിത്സാകേന്ദ്രങ്ങളിൽ ഓക്സിജൻ സിലിണ്ടറുകളുടെ സഹായത്തോടെയുള്ള കിടക്കകൾ വർദ്ധിപ്പിക്കാൻ തീരുമാനമായി. എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ 10 ഓക്സിജൻ സിലിണ്ടർ സൗകര്യമുള്ള കിടക്കകൾ ലഭ്യമാക്കും. ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകുന്നവർ റിസൾട്ട് വരുന്നതുവരെ നിർബന്ധിത ക്വാറന്റൈനിൽ കഴിയുന്നത് ഉറപ്പുവരുത്തും. എല്ലാ പി.എച്ച്.സികളിലും കൊവിഡ് മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് ബന്ധപ്പെട്ട അധികൃതർക്ക് നിർശം നൽകി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ നിസാം, മിനിമോൾ, ബിന്ദു രാമചന്ദ്രൻ, എസ്. സദാശിവൻ, യു. ഉല്ലാസ്, ബി.ഡി.ഒ ആർ. അജയകുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, സി.എച്ച്.സി, പി.എച്ച്.സി മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.