കൊല്ലം: തിരഞ്ഞെടുപ്പിൽ തോറ്റതിനാൽ ടി.വി ചാനലുകൾ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ അഭിപ്രായം പറയാനുള്ള അവസരം ബി.ജെ.പിക്ക് നിഷേധിക്കണമെന്ന കവി സച്ചിദാനന്ദന്റെയും കഥാകൃത്ത് എൻ.എസ്. മാധവന്റെയും ആഹ്വാനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഫാസിസ്റ്റ് നിലപാടാണെന്ന് തപസ്യ ജില്ലാ സമിതി യോഗം അഭിപ്രായപ്പെട്ടു.

മോദി ഭരണത്തിൽ ചിന്താ സ്വാതന്ത്ര്യത്തിന് വിലങ്ങുവീണെന്ന് പ്രചാരം നടത്തിയവർ തന്നെ പൗരന്റെയും സംഘടനകളുടെയും അവകാശത്തിനെതിരെ നിലകൊള്ളുന്നത് പരിഹാസ്യമാണ്. പൊതുസമൂഹത്തിന്റെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളുമായി സാംസ്‌കാരിക നായക പട്ടം ലഭിച്ചവർ ഇറങ്ങുന്നത് ലജ്ജാകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് എസ്. രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ആർ. അജയകുമാർ, കെ. ദാനകൃഷ്ണപിള്ള, ഡോ. അജിത്ത് മാളിയാടൻ, എഴുകോൺ ശശിധരൻപിള്ള, രവികുമാർ ചേരിയിൽ, വീണ പി. നായർ, ജി. പരമേശ്വരൻപിള്ള, കല്ലട അനിൽ തുടങ്ങിയവർ സംസാരിച്ചു.