കുന്നിക്കോട് : ഒരാഴ്ച്ചയിലധികമായി കാണാതിരുന്ന വയോധികയെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തി. വിളക്കുടി തേക്കിൻമുകൾ കോളനിയിൽ കറുകയിൽ വീട്ടിൽ പൊന്നമ്മയെ (65) ആണ് 9 ദിവസത്തിന് ശേഷം കരുനാകോട് ഭാഗത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. കാലിനും നട്ടെല്ലിനും നിസാര പരിക്കുകളേറ്റ വയോധികയെ വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗം സുനി സുരേഷിന്റെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശ്രിതരില്ലാത്ത വയോധികയുടെ സംരക്ഷണം ഏതെങ്കിലും അഭയകേന്ദ്രത്തിന് കൈമാറാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഭർത്താവ് മരിച്ച ശേഷം വർഷങ്ങളായി ഒറ്റക്കായിരുന്നു പൊന്നമ്മയുടെ താമസം. ഇവരെ കാണാതായതിനെ തുടർന്ന് വാർഡ് അംഗം സുനി സുരേഷ് കുന്നിക്കോട് പൊലീസിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് റബർ തോട്ടത്തിൽ പുല്ലു വെട്ടാൻപോയ സ്ത്രീകൾ പൊന്നമ്മയെ അവശനിലയിൽ കണ്ടത്. നടന്ന് പോകുന്നതിനിടെ കാൽ വഴുതി വീണതാണെന്ന് ഇവർ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.