കൊട്ടാരക്കര : സപ്ലൈകോയിൽ ദിവസ വേതന ജീവനക്കാർക്ക് മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറിന്റെ സൗജന്യ കിറ്റ് തയ്യാറാക്കുന്നത് ദിവസവേതന ജീവനക്കാരാണ്. അവധി ഇല്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വലിയ തോതിൽ കൊവിഡ് പിടിപെടുകയാണ്. ഇവരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിച്ച് വാക്സിനേഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ലോക്ക് ഡൗൺ കാലത്ത് അവശ്യ സർവീസായി പ്രഖ്യാപിചിട്ടും സപ്ലൈകോ ജീവനക്കാർക്ക് ജില്ലയിൽ പലയിടത്തും പൊലീസ് യാത്ര അനുമതി നൽകുന്നില്ല. കഴിഞ്ഞദിവസം ചിറ്റുമലയിൽ സമാനമായ സംഭവമുണ്ടായി. കുണ്ടറ സപ്ലൈകോയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയെ രേഖകൾ കാട്ടിയിട്ടും പൊലീസ് തിരികെ അയച്ചു. ഭൂരിഭാഗവും സ്ത്രീത്തൊഴിലാളികൾ ആയതിനാൽ ഇവരെ ജോലിക്കായി എത്തിക്കുന്നതും തിരികെ കൊണ്ടു പോകേണ്ടതും ബന്ധുക്കളാണ്. എന്നാൽ ലോക്ക് ഡൗണിൽ യാത്ര ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടാണ് ഇവർക്കുള്ളത്. സപ്ലൈകോ ജീവനക്കാർക്കുണ്ടാകുന്ന ഈ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ജി രശ്മി കുമാർ ആവശ്യപ്പെട്ടു .