കൊട്ടാരക്കര: താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളുടെയും ഭരണസമിതി അംഗങ്ങളും ലൈബ്രേറിയൻമാരും സർക്കാരിന്റെ വാക്സിൻ ചലഞ്ചിൽ പങ്കെടുക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിലും സെക്രട്ടറി പി.കെ.ജോൺസണും അറിയിച്ചു. ഗ്രന്ഥശാലകൾ സ്വരൂപിക്കുന്ന തുക ഈ മാസം ഇരുപതിന് ശേഷം കൊട്ടാരക്കര, കടയ്ക്കൽ മേഖലകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ നിയുക്ത എം.എൽ.എമാരായ കെ.എൻ.ബാലഗോപാലും ജെ.ചിഞ്ചുറാണിയും ഏറ്റുവാങ്ങും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാർഡ് സമിതികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനായി 2500 അംഗ അക്ഷരസേന രൂപീകരിക്കുവാനും ലോക്ക് ഡൗൺ കാലയളവിൽ വായനക്കാർക്ക് ആവശ്യമായ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് നൽകാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഭാരവാഹികൾ അറിയിച്ചു.