police
കൊല്ലം പള്ളിത്തോട്ടത്ത് സിവിൽ ഡിഫൻസ് പ്രവർത്തകർ നടത്തുന്ന വാഹനപരിശോധന

 നിരത്തുകളിൽ സിവിൽ വോളണ്ടിയർമാരുടെ അഴിഞ്ഞാട്ടം

കൊല്ലം: ലോക്ക്ഡൗൺ വാഹനപരിശോധനയുടെ പേരിൽ പലയിടങ്ങളിലും പൊലീസിന്റെ സഹായികളായ സിവിൽ വോളണ്ടിയർമാരുടെ അഴിഞ്ഞാട്ടം. യാത്രക്കാരോട് മാന്യമായി പെരുമാറുകയും ബോധവത്കരിക്കുകയും ചെയ്യുന്നതിന് പകരം പരിഹസിക്കുകയും ആക്ഷേപിക്കുകയുമാണ്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പിക്കറ്റിംഗ് കേന്ദ്രങ്ങളിൽ കൂട്ടംകൂടിയാണ് ഇവരുടെ നിൽപ്പ്.

കൊവിഡ് നിയന്ത്രണം ശക്തമായി നടപ്പാക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാലാണ് സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹായം പൊലീസ് തേടിയത്. ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ്, നിർഭയ തുടങ്ങിയ കൂട്ടായ്മകളിലെ അംഗങ്ങളെയാണ് പലയിടങ്ങളിലും നിയോഗിച്ചിട്ടുള്ളത്. ഒന്നിലധികം വാഹനങ്ങൾ തടഞ്ഞുനിറുത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗത പ്രശ്നം പരിഹരിക്കുകയാണ് ഇവരുടെ പ്രധാന ജോലി.

പൊലീസുകാർ കുറവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ തടയാനും അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലങ്ങളിൽ പരിശോധനാ കേന്ദ്രങ്ങൾ പൂർണമായും സന്നദ്ധ പ്രവർത്തകരുടെ നിയന്ത്രണത്തിലാണ്. പൊലീസുകാർ വെയിലേൽക്കാതെ ജീപ്പിനുള്ളിൽ വിശ്രമിക്കും.

തിരിച്ചറിയൽ കാർഡോടെ വിവിധ ജോലികൾക്ക് പോകുന്നവരെയും നിർമ്മാണ തൊഴിലാളികളെയും ഇവർ ഏറെനേരം തടഞ്ഞുനിറുത്തുന്നുവെന്ന പരാതിയും വ്യാപകമാണ്. ചിലയിടങ്ങളിൽ വാഹനങ്ങളിൽ നിന്ന് ഇറങ്ങി തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് നിർബന്ധം പിടിക്കുന്നു. തൊഴിലിനെക്കുറിച്ചും യാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ചോദിച്ച ശേഷം വളരെ മോശമായ പരിഹാസ വാക്കുകളാണ് ഇവർ പറയുന്നത്.

പരിശോധനാ വേളയിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് പരിശീലനം നൽകാതെയാണ് സിവിൽ വോളണ്ടിയർമാരെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം.

''

പൊലീസുകാർ വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധിക്കണമെന്നാണ് നിർദ്ദേശം. വോളിണ്ടിയർമാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതി പരിശോധിക്കും.

ജോസി ചെറിയാൻ

അഡീഷണൽ എസ്.പി