c

കരുനാഗപ്പള്ളി: സമ്പൂർണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളിയിലെ ആരോഗ്യപ്രവർത്തകർക്ക് തിരുവനന്തപുരത്തേക്ക് പോകാൻ പ്രത്യേക ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് ജില്ലയ്ക്ക് പുറത്ത് ജോലിക്ക് പോകാനുള്ള യാത്രാ സൗകര്യം പരിമിതമാണ്. പലരും സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് എടുത്താണ് തിരുവനന്തപുരത്ത് പോയിവരുന്നത്. വലിയ വാടകയാണ് വാഹന ഉടമകൾ ഇവരിൽ നിന്ന് ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ജീവനക്കാർ പറയുന്നു. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രി, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന 25ഓളം ജീവനക്കാരാണ് കരുനാഗപ്പള്ളിയിൽ നിന്ന് ദിനംപ്രതി തലസ്ഥാനത്ത് പോയിവരുന്നത്. വണ്ടാനം മെഡി. കോളേജ് ആശുപത്രിയലേക്ക് കരുനാഗപ്പള്ളിയിൽ നിന്ന് സ്പെഷ്യൽ ബസ് സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ സ്ഥാപന മേധാവികൾ ആവശ്യപ്പെട്ടാൽ കരുനാഗപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കാമെന്ന നിലപാടിലാണ് ഡിപ്പോ അധികൃതർ.