കരുനാഗപ്പള്ളി: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ യുവതി മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ സുരേഷ് ഭവനത്തിൽ സുരേഷിന്റെ ഭാര്യ സരസ്വതിയാണ് (40) മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ ചിറ്റുമൂല റെയിൽവേ ക്രോസിന് സമീപമായിരുന്നു അപകടം.
പുതിയകാവ് ടി.ബി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് സുരേഷിന് കൂട്ടിരുന്ന ശേഷം രാവിലെ ഭർത്തൃപിതാവ് രാജേന്ദ്രനൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ സരസ്വതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: അഖിൽ, ആര്യ.