കടയ്ക്കൽ: ചടയമംഗലം നിയോജകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് നിയുക്ത എം.എൽ.എ ജെ.ചിഞ്ചുറാണി അറിയിച്ചു. പഞ്ചായത്തുകളിലെയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം 13നകം ആരംഭിക്കും. ആശുപത്രികളിലെ കൊവിഡ് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഓക്സിജൻ സൗകര്യം, ആംബുലൻസുകളുടെ കുറവ്, ഡോക്ടർമാരുടെ കുറവ് തുടങ്ങിയ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. പഞ്ചായത്തുകളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടുതലായി ഉറപ്പ് വരുത്തുവാനും കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ച് ദുരിതമനുഭവിക്കുന്നവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിനും പഞ്ചായത്ത് തലത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സി.എഫ്.എൽ.ടി.സി നിലമേൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നതിന് നടപടി ആയിട്ടുണ്ട്. നിയുക്ത എം എൽ എയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.