police
ലോക്ക് ഡൗണിനെ തുടർന്ന് കടവൂർ ജംഗ്ഷനിൽ പൊലീസ് നടത്തിയ പരിശോധന

 ഇന്നലെ 511 പേർക്കെതിരെ കേസ്

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ നഗരത്തിലെ നിരത്തുകളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാഹനങ്ങൾ കൂട്ടത്തോടെ ഇറങ്ങിയത് പൊലീസിന് തലവേദനയായി. ദിവസ വേതനക്കാരുൾപ്പെടെയുള്ളവർക്ക് ഇളവ് നൽകിയതും റംസാൻ പ്രമാണിച്ച് ബേക്കറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതുമാണ് നിരത്തുകളിൽ തിരക്ക് രൂക്ഷമാകാൻ കാരണമായത്.

പരിശോധനാ കേന്ദ്രങ്ങളിൽ ചിലയിടത്ത് യാത്രക്കാരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടാകാൻ നിരത്തുകളിലെ തിരക്ക് ഇടയാക്കി. അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് നൽകി മടക്കി അയയ്ക്കുകയും ചിലർക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുമുണ്ട്.

ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തി ദിനമായതിനാൽ തിരക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. പരിശോധനയും വാഹന പട്രോളിംഗും ഇന്ന് മുതൽ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സിറ്റി പൊലീസ് പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 903 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 114 പേരെ അറസ്റ്റ് ചെയ്യുകയും 15 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ മാത്രം 511 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

 കുഴപ്പിച്ച് യുവാക്കൾ

പൊലീസ് പരിശോധനാ കേന്ദ്രങ്ങളിൽ മര്യാദരാമന്മാരായെത്തിയ ചില യുവാക്കൾ മറ്റിടങ്ങളിൽ അമിതവേഗതയിൽ വാഹനം ഓടിച്ചത് മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അമിതവേഗതയിൽ ഇരുചക്രവാഹനങ്ങൾ നിരത്തിലൂടെ പായുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റോഡുകളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി. യുവാക്കളിൽ ഭൂരിഭാഗവും കൃത്യമായ കാരണം ബോധിപ്പിക്കാനില്ലാതെ അനാവശ്യമായി നിരത്തുകളിൽ ഇറങ്ങിയതാണ്. ചിലർക്ക് താക്കീത് നൽകുകയും മറ്റുള്ളവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.