പുനലൂർ: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനമായ ഏരൂർ,കുളത്തൂപ്പുഴ, ചിതറ തുടങ്ങിയ സ്ഥലങ്ങളിലെ ഓയിൽ ഫാം എസ്റ്റേറ്റുകളും ഫാക്ടറികളും 3 ദിവസം അടച്ചിടാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും നിയുക്ത എം.എൽ.എ പി.എസ്.സുപാലിന്റെ നേതൃത്വത്തിൽ പുനലൂർ ആർ.ഡി.ഓഫീസിൽ ഓൺലൈനായി ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചു. താലൂക്കിലെ ത്രിതല പഞ്ചായത്ത്,നഗരസഭ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,ആരോഗ്യ പ്രവർത്തകർ, പൊലീസ്,റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത ഓൺ ലൈൻ യോഗത്തിലാണ് തീരുമാനമായത്. ഓയിൽ ഫാം എസ്റ്റേറ്റിലെ തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർക്ക് വേണ്ടി ഇന്ന് ചിതറയിലും നാളെ കുളത്തൂപ്പുഴയിലും ഏരൂരിലും കൊവിഡ് പരിശോധന നടത്തും. പഞ്ചായത്തുകളിലും നഗരസഭയിലും രൂപം നൽകിയ വാർഡ് തല മോണിറ്ററിംഗ് കമ്മിറ്റികൾ പുഃന പ്രവർത്തിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ഡൊമിസിലിയറി കെയർ സെന്ററുകൾ പ്രവർത്തിപ്പിക്കണം
കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണം. എല്ലാ പഞ്ചായത്തുകളിലും ഡൊമിസിലിയറി കെയർ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. പുനലൂർ നഗരസഭയിൽ നടപ്പിലാക്കിയ മാതൃകയിൽ പഞ്ചായത്ത് പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അനാഥരെ കണ്ടെത്തി പാർപ്പിക്കണം. അവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, താമസ സൗകര്യം തുടങ്ങിയവ ഒരുക്കി നൽകണം. സമീപത്തെ കരവാളൂർ, ഇടമുളയ്ക്കൽ,തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് യോഗം ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.ഇതിനായി തെന്മല പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം നാളെ രാവിലെ11നും ആര്യങ്കാവിൽ ഉച്ചക്ക് 12നും ചേരും.
ജാഗ്രത സമിതികൾ
കിടപ്പ് രോഗികൾക്ക് ഭക്ഷണം, മരുന്ന്,താമസം എന്നിവ ഒരുക്കി നൽകുന്നതിന് ജാഗ്രത സമിതികൾ ആവശ്യമായ നടപടി സ്വീകരിക്കണം. തോട്ടം മേഖലകൾ കേന്ദ്രീകരിച്ച് കൂടുതൽ ശ്രദ്ധ ചെലുത്തണം. ഏറ്റവും കൂടുതൽ രോഗികൾ വീടുകൾ കേന്ദ്രീകരിച്ചാണ് കഴിയുന്നത്.വീട്ടിലുള്ളവർ പുറത്ത് പോയിട്ട് വരുമ്പോൾ കുട്ടികൾ അടക്കമുളളവർക്കു കൂടി രോഗം പകരുകയാണെന്ന് യോഗം വിലയിരുത്തി.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ,പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, പുനലൂർ ഡിവൈ.എസ്.പി. എം.എസ്.സന്തോഷ്, തഹസീൽദാർ വിനോദ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ..ഷാഹിർഷ, നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ,ടി.ഡി.ഒ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.