
ഏഴ് സൗജന്യ ആംബുലൻസ് സർവീസുകൾ കൂടി
കൊല്ലം: കൊവിഡ് ബാധിതർക്ക് ആശുപത്രിയിലും പരിശോധനകൾക്കും പോകാൻ നഗരസഭ സൗജന്യ ഓട്ടോറിക്ഷാ സർവീസ് ആരംഭിക്കുന്നു. ഡ്രൈവറുൾപ്പെടെ 15 ഓട്ടോറിക്ഷകളാണ് ഇതിനായി വാടകയ്ക്കെടുക്കുന്നത്. രണ്ടെണ്ണം വീതം ഓരോ സോണൽ ഓഫീസ് കേന്ദ്രീകരിച്ച് സർവീസ് നടത്തും. ബാക്കിയുള്ള അഞ്ചെണ്ണം നഗരസഭാ ഓഫീസ് കേന്ദ്രീകരിച്ച് ഓടും.
നിലവിൽ നഗരസഭ കൊവിഡ് ബാധിതർക്കായി മൂന്ന് സൗജന്യ ആബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ഈ ആംബുലൻസുകൾക്ക് ചെറുവഴികളിൽ കടന്നുചെല്ലാൻ കഴിയുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ഓട്ടോറിക്ഷകൾ സജ്ജമാക്കുന്നത്.
കൊവിഡ് ബാധിതർക്കായി ഏഴ് ആംബുലൻസ് സർവീസുകൾ കൂടി ആരംഭിക്കാനും ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. ചികിത്സാ കേന്ദ്രങ്ങളിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ സിലിണ്ടറുകൾ വാങ്ങാനും വാടകയ്ക്ക് എടുക്കാനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സാമൂഹിക അടുക്കളയില്ല
ജനകീയ ഹോട്ടലുകളിൽ നിന്ന് ഇപ്പോൾ ആഹാരം പാകം ചെയ്യാനാകാത്ത കൊവിഡ് ബാധിതർക്കും പ്രായമായവർക്കും സൗജന്യമായി ഭക്ഷണമെത്തിക്കുന്നുണ്ട്. കൂടുതൽ പേർക്ക് ഭക്ഷണം നൽകേണ്ട സാഹചര്യമുണ്ടായാൽ മാത്രം സാമൂഹിക അടുക്കള തുറന്നാൽ മതിയെന്നാണ് നിലവിലെ ധാരണ.
സി.എസ്.എൽ.ടി.സി ഒരെണ്ണം കൂടി
ഒരു കൊവിഡ് സെക്കൻഡ്ലൈൻ ചികിത്സാ കേന്ദ്രവും (സി.എസ്.എൽ.ടി.സി) രണ്ട് ഫസ്റ്റ്ലൈൻ കേന്ദ്രങ്ങളും (സി.എഫ്.എൽ.ടി.സി) ആരംഭിക്കാൻ ആരോഗ്യവകുപ്പിന്റെ സഹായംതേടി നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്തുനൽകി. കാവനാട് മുക്കാട് പാരിഷ് ഹാളിൽ സി.എസ്.എൽ.ടി.സി തുടങ്ങാനാണ് ആലോചന. പള്ളിമുക്ക് യൂനുസ് കോളേജ്, കരിക്കോട് ടി.കെ.എം കോളേജ് എന്നിവിടങ്ങളിലാകും സി.എഫ്.എൽ.ടി.സി സജ്ജമാക്കുക.
ഇപ്പോൾ ഹോക്കി സ്റ്റേഡിയത്തിൽ സി.എസ്.എൽ.ടി.സി പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിലും ഷൈൻ കോംപ്ലക്സിലും സി.എസ്.എൽ.ടി.സി പ്രവർത്തിക്കുന്നുണ്ട്. ഫാത്തിമാ കോളേജിനോട് ചേർന്നുള്ള സെന്റ് തോമസ് ഹോസ്റ്റലിൽ സി.എഫ്.എൽ.ടി.സി ഏത് നിമിഷവും തുറക്കാൻ സജ്ജമാണ്.