മൺറോത്തുരുത്ത്: താത്കാലിക പമ്പ് ഓപ്പറേറ്റർമാരെ പിരിച്ചുവിട്ട് പമ്പ്ഹൗസുകളുടെ പ്രവർത്തനം ഓട്ടോമാറ്റിക് ആക്കിമാറ്റിയ വാട്ടർ അതോറിറ്റിയുടെ പുത്തൻ പരിഷ്‌കാരം മൺറോത്തുരുത്തുകാരുടെ വെള്ളംകുടി മുട്ടിച്ചു. പുതിയ സംവിധാനം നടപ്പിലായതോടെ പ്രധാന പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലൊഴികെ ജലവിതരണം മുടങ്ങിയിരിക്കുകയാണ്.
കിടപ്പുറം വടക്ക്, കണ്ണങ്കാട് ജങ്കാർ കടവ്, കാരൂത്തറക്കടവ്, പട്ടംതുരുത്ത്, കക്കാട്ട് കടവ്, വില്ലിമംഗലം എന്നിവിടങ്ങളിലെ കുഴൽക്കിണറുകളിൽ നിന്നാണ് മൺറോത്തുരുത്തിൽ ജലവിതരണം നടത്തുന്നത്. ഇതിൽ പട്ടംതുരുത്തിലും വില്ലിമംഗലത്തുമുള്ള ഓവർഹെഡ് ടാങ്കുകളിൽ നിന്നാണ് ഭൂരിഭാഗം പ്രദേശത്തും വെള്ളമെത്തിക്കുന്നത്. നേരത്തെ പമ്പ് ഓപ്പറേറ്റർമാർ ഈ ടാങ്കുകൾ നിറച്ച ശേഷമാണ് വാൽവുകൾ തുറന്നുവിട്ടിരുന്നത്.
പുതിയ സംവിധാനം നടപ്പിലായതോടെ വാൽവുകൾ സദാസമയം തുറന്നിട്ടിരിക്കുന്നതിനാൽ ടാങ്കുകൾ നിറയാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതുമൂലം ടാങ്കുകളിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ മാത്രമാണ് വെള്ളമെത്തുന്നത്. ശാഖാ ലൈനുകൾ കടന്നുപോകുന്ന ഉൾപ്രദേശങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങുകയും ചെയ്തു.
കുടിവെള്ളത്തിന് മറ്റ് മാർഗങ്ങളില്ലാത്ത മൺറോത്തുരുത്തുകാർ വാട്ടർ അതോറിറ്റിയുടെ പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധത്തിലാണ്. പമ്പ് ഹൗസുകളുടെ പ്രവർത്തനം പഴയപടിയാക്കി ജലക്ഷാമം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.
ഒരിറ്റ് വെള്ളത്തിനായി
കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റിയെ മാത്രമാണ് മൺറോത്തുരുത്ത് നിവാസികൾ ആശ്രയിക്കുന്നത്. വാഹനങ്ങൾ പോലും എത്തിച്ചേരാത്ത ഉൾപ്രദേശങ്ങളിലുള്ളവർ ജലവിതരണം നിലച്ചതോടെ വള്ളങ്ങളിൽ പോയി ദൂരസ്ഥലങ്ങളിൽ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. പഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ വീടുകളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും യുവജനങ്ങളും ചേർന്നാണ് നിലവിൽ വെള്ളമെത്തിക്കുന്നത്. കൊവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും ഒപ്പം ജലവിതരണം കൂടി നിലച്ചതോടെ തീരാദുരിതത്തിലാണ് മൺറോത്തുരുത്തുകാർ.