photo
അഞ്ചൽ ടൗണിൽ സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീറിൻ്റെ നേതൃത്വത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നു.

അഞ്ചൽ: മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതോടെ പൊലീസ് പരിശോധനയും നിയന്ത്രണവും ശക്തമാക്കി. അഞ്ചൽ, ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊവിഡ് നിയന്ത്രണ മേൽനോട്ട ചുമതല ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീറിന് നൽകിയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് അദ്ദേഹം ചുമതലയേറ്റതോടെ പ്രദേശത്ത് പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കി. അഞ്ചൽ, ഇടമുളയ്ക്കൽ, ഏരൂർ, അലയമൺ പഞ്ചായത്തുകളിലാണ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അഞ്ചൽ പഞ്ചായത്തിൽ നൂറിലധികം പേരും ഇടമുളയ്ക്കലിൽ അമ്പതോളം പേർക്കും അലയമണിൽ 37 പേരും ഏരൂരിൽ 35 പേരും കൊവിഡ് ബാധിതരായി.അധികൃതരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടും അഞ്ചൽ പഞ്ചായത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ആളുകളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.

മാതൃകയായി ഏരൂർ പഞ്ചായത്ത്

ഏരൂർ പഞ്ചായത്തിന്റെ മാതൃകാപരമായി ഇടപെടൽ പഞ്ചായത്തിൽ ഒരു പരിധിവരെ കൊവിഡ് നിയന്ത്രിക്കാൻ കാരണമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഏരൂരിൽ കൊവിഡ് കേസുകൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ മേഖലയിൽ സ്ഥിതി അല്പം ആശ്വാസകരമാണ്. ഏരൂരിൽ ശക്തമായ നടപടികളാണ് പഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. കൂടാതെ മെഡിക്കൽ കിറ്റുകളും നൽകിവരുന്നു. അയുർവേദ, ഹോമിയോ മരുന്നുകളും വീട്ടിൽ എത്തിക്കുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് പോകുന്നതിന് വാഹന സൗകര്യവും ഏരൂരിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യാപക പരിശോധന

ഏരൂരിൽ നേരത്തേ വാഹനപരിശോധന ഉൾപ്പടെയുളള കാര്യങ്ങൾ നടന്നിരുന്നുവെങ്കിലും വാഹന പരിശോധനയുടെ പേരിൽ പൊലീസിനെതിരെ പരാതിയും ഉയർന്നിരുന്നു. പത്രവിതരണക്കാർ ഉൾപ്പടെ ചിലരെ പൊലീസ് കസ്റ്റടിയിൽ എടുത്ത് മണിക്കൂറുകളോളം സ്റ്റേഷനിൽ നിറുത്തിയിരുന്നതായും ആരോപണം ഉണ്ടായിരുന്നു. എന്നാൽ പുതിയതായി ചുമതലയേറ്റ സർക്കിൾ ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധനകളാണ് അഞ്ചൽ ,​ഏരൂർ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടത്തുന്നത്. അത്യാവശ്യക്കാരെ മാത്രമെ റോഡിലൂടെ കടന്ന് പോകാൻ അനുവദിക്കുന്നുള്ളു. വിവിധ വകുപ്പുകളുടെയും പൊലീസിന്റെയും ശക്തമായ ഇടപെടലുകൾ മൂലം വരും ദിവസങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്.