civil

കൊല്ലം: ആരോരുമില്ലാത്തവർക്ക് ലോക്ക്ഡൗൺ കാലത്ത് താങ്ങും തണലുമാവുകയാണ് ഫയർഫോഴ്സിന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ. തെരുവിൽ അവശരായി കിടക്കുന്നവരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും കൊല്ലം ബോയ്സിൽ എത്തിച്ച് മകനായും സഹോദരനായും സ്നേഹം നൽകി പരിപാലിക്കുകയാണ് ഇവർ.

ലോക്ക്ഡൗണിനിടയിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞവർക്കായി തിങ്കളാഴ്ചയാണ് കൊല്ലം ബോയ്സ് എച്ച്.എസ്.എസിൽ പ്രത്യേക അഭയകേന്ദ്രം തുടങ്ങിയത്. അലഞ്ഞുനടക്കുന്നവർക്ക് നേരത്തെ എവിടുന്നെങ്കിലും ഭക്ഷണം ലഭിച്ചിരുന്നു. ലോക്ക് ഡൗണിൽ എല്ലാവരും വീടുകളിൽ ഒതുങ്ങിയതോടെ തെരുവിൽ അന്തിയുറങ്ങിയവരെല്ലാം പട്ടിണിയിലായി. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ പലരും അവശതയിലായി. ബോയ്സ് സ്കൂളിൽ സിവിൽ ഡിഫൻസിന്റെ തണലിലെത്തിയ ഇവരിൽ പലരും നഷ്ടമായ കുടുംബം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്.

സേവനം സൗജന്യം

തലചായ്ക്കാൻ ഇടമില്ലാതെ തെരുവിൽ ആക്രി പെറുക്കി നടന്നവരും കൂട്ടത്തിലുണ്ട്. നഗരസഭ മൂന്ന് നേരം ഭക്ഷണം എത്തിക്കും. ആവശരെയും മാനസികാസ്വാസ്ഥ്യം നേരിടുന്നവരെയും കുളിപ്പിക്കുന്നതും ഭക്ഷണം വാരി നൽകുന്നതുമെല്ലാം സിവിൽ ഡിഫൻസ് അംഗങ്ങളാണ്. ഷിഫ്ട് അടിസ്ഥാനത്തിൽ എട്ട് ഡിഫൻസ് അംഗങ്ങൾ സദാസമയവും ഇവിടെ ഉണ്ടാകും. അഭയകേന്ദ്രത്തിന്റെ നടത്തിപ്പിന് പുറമേ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പൊലീസിനെ സഹായിക്കുന്നുമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്.

ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്: 53 പേർ