കൊവിഡ് പരിശോധനയ്ക്ക് ഉയർന്ന നിരക്ക്
കൊല്ലം: സർക്കാർ നിർദേശവും ഉത്തരവും നിലവിലുണ്ടായിട്ടും കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകളിൽ പിഴിച്ചിൽ തുടരുന്നു. ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച തുകയേക്കാൾ ഉയർന്ന നിരക്കാണ് പലയിടങ്ങളിലും ഈടാക്കുന്നത്.
ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയുമാണ് സർക്കാർ നിശ്ചയിച്ച നിരക്ക്. ടെസ്റ്റ് കിറ്റും സ്വാബ് ചാർജും ഉൾപ്പെടെയാണ് ഈ നിരക്ക്. എന്നാൽ മിക്കയിടങ്ങളിലും ആർ.ടി.പി.സി.ആർ ടെസ്റ്റിന് 700 മുതൽ 1,000 രൂപ വരെയാണ് ഈടാക്കുന്നത്. ആന്റിജൻ ടെസ്റ്റിന് 400 മുതൽ 600 രൂപവരെയും. പരാതി വ്യാപകമായതോടെയാണ് സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഇടപെടലിനെ തുടർന്ന് നിരക്ക് ഏകീകരിച്ച് ഉത്തരവിറങ്ങിയത്. എന്നിട്ടും ഇത്തരക്കാർ സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ട് വാരുകയാണ്.
കൂടുതൽ തുക ഈടാക്കുന്ന മിക്ക ലാബുകളും ബില്ല് നൽകാറില്ല. നൽകുന്നവയിൽ സർവീസ്, സർട്ടിഫിക്കറ്റ് ചാർജ് ഇനത്തിൽ തുക വകയിരുത്തും. ചില ലാബുകളിൽ ആന്റിജൻ ടെസ്റ്റിന് 250 രൂപ മാത്രമാണ് ബിൽ തുക. പക്ഷെ സർവീസ് ചാർജ് തുടങ്ങിയ ഇനങ്ങളിൽ അത്ര തന്നെ തുക അധികമായി ചേർക്കുകയാണ്.
പരിശോധനയിലും തട്ടിപ്പ്
ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകളിൽ സ്വാബ് പരിശോധന ഒരുപോലെയാണെന്നതിനാൽ ഏത് ടെസ്റ്റാണ് നടത്തുന്നതെന്ന് അറിയാൻ സാധിക്കില്ലെന്നതും ലാബുകൾക്ക് ഗുണകരമാണ്. താരതമ്യേനെ ചെലവ് കുറഞ്ഞ ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷം ആർ.ടി.പി.സി.ആർ എന്ന് ടെസ്റ്റിന് വിധേയരാകുന്നവരെ ബോദ്ധ്യപ്പെടുത്തി അമിത ചാർജ് ഈടാക്കുന്ന ലാബുകളും ജില്ലയിലുണ്ട്.
കള്ളക്കളിയുടെ പിന്നാമ്പുറം
1. സ്വാബ് ടെസ്റ്റ് കിറ്റുകൾക്ക് വില കൂടുതലെന്ന് ലാബുകൾ
2. സർക്കാർ നിരക്ക് അപ്രായോഗികമെന്നും
3. ഐ.സി.എം.ആർ അംഗീകാരമുള്ള ലാബുകൾക്ക് കിറ്റ് ലഭിക്കുന്നത് സബ്സിഡി നിരക്കിൽ
4. അനുമതിയില്ലാത്ത ലാബുകൾ പ്രവർത്തിക്കരുതെന്നാണ് ചട്ടം
5. അപ്പോൾ ലാബ് അധികൃതർ പറയുന്നതിൽ സത്യമില്ല
6. സർക്കാർ ആശുപത്രികളിൽ ടെസ്റ്റുകൾ സൗജന്യം
ടെസ്റ്റ് നിരക്ക്
ആർ.ടി.പി.സി.ആർ (സർക്കാർ): 500 രൂപ
സ്വകാര്യ ലാബുകൾ: 700 - 1000 രൂപ
ആന്റിജൻ (സർക്കാർ): 300 രൂപ
സ്വകാര്യ ലാബുകൾ: 400 - 600 രൂപ
''
ലാബുകൾക്ക് പ്രവർത്തിക്കാൻ ഐ.സി.എം.ആർ അംഗീകാരം വേണം. ഇത്തരം ലാബുകൾക്ക് സബ്സിഡി നിരക്കിലാണ് ടെസ്റ്റ് കിറ്റുകൾ ലഭിക്കുന്നത്. വില കൂട്ടേണ്ട സാഹചര്യമില്ല.
ആരോഗ്യവകുപ്പ്