youth-congress
യൂത്ത് കോൺഗ്രസ് മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യക്കിറ്റ് വിതരണം കോൺഗ്രസ് നേതാവ് ബി. ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പദ്ധതിക്ക് മയ്യനാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ആദ്യഘട്ടമായി നിർദ്ധനരായ കൊവിഡ് രോഗികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം ആരംഭിച്ചു. കോൺഗ്രസ് നേതാവ് ബി. ഹേമചന്ദ്രനാണ് ഭക്ഷ്യധാന്യങ്ങളും മരുന്നുകളും എത്തിച്ചുനൽകിയത്. നിർദ്ധന രോഗികൾക്കുള്ള ധനസഹായവും അദ്ദേഹം കൈമാറി.

പദ്ധതിയുടെ ഭാഗമായി കൊവിഡ് ബാധിതർക്ക് ഇന്നുമുതൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ഡോ. പി.ജി. ജയസൂര്യ ദിവസവും വൈകിട്ട് 4 മുതൽ 5 വരെ രോഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകും. പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും മരുന്ന്, ഭക്ഷണം, അവശ്യസാധനങ്ങൾ മുതലായവ എത്തിക്കുന്നുണ്ട്. പഞ്ചായത്ത് പരിധിയിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വിപിൻ വിക്രം അദ്ധ്യക്ഷത വഹിച്ചു. ബി. ഹേമചന്ദ്രൻ, ഷമീർ വലിയവിള, ബി.എസ്. ഉമേഷ് മയ്യനാട് തുടങ്ങിയവർ സംസാരിച്ചു.