കരുനാഗപ്പള്ളി: നഗരസഭയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (എസ്.എൽ.ടി.സി) പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഡോ. പി. മീന, എം. ശോഭന, എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് എം. അൻസർ, കൗൺസിലർ സതീഷ് തേവനത്ത്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൻസ്, ഡോ. ബൈജു, മുനിസിപ്പൽ എൻജിനിയർ സിയാദ് തുടങ്ങിയവർ പങ്കെടുത്തു. ബി കാറ്റഗറിയിലുള്ള കൊവിഡ് രോഗികൾക്കാണ് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. 100 കിടക്കകളും 20 ഓക്സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാരെയും 24 ജീവനക്കാരെയും താത്കാലികമായി നിയമിച്ചിട്ടുണ്ട്.