bike-1
കൂട്ടിക്കട അമ്മാച്ചൻമുക്കിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈക്ക് ഇരവിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നു

കൊട്ടിയം: കൂട്ടിക്കട അമ്മാച്ചൻമുക്കിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കറുപ്പും നീലയും ഇടകലർന്ന നിറമുള്ള ബജാജ് പൾസർ ബൈക്കിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റും ഹെഡ് ലൈറ്റും ഇളക്കിമാറ്റിയ നിലയിലാണ്. പിൻവശത്തെ നമ്പർ പ്ലേറ്റിൽ നിന്ന് രജിസ്ട്രേഷൻ നമ്പർ നീക്കം ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും ആരും അന്വേഷിച്ച് വരാത്തതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരവിപുരം എസ്.ഐ ദീപുവിന്റെ നേതൃത്വത്തിൽ കൊല്ലം ട്രാഫിക് സ്റ്റേഷനിൽ നിന്ന് റിക്കവറി വാഹനമെത്തിച്ച് ബൈക്ക് ഇരവിപുരം സ്റ്റേഷനിലേക്ക് മാറ്റി. ബൈക്ക് എവിടെ നിന്നെങ്കിലും മോഷ്ടിച്ചതോ ലഹരി കടത്തുസംഘങ്ങൾ ഉപേക്ഷിച്ചതോ ആകാമെന്ന് പൊലീസ് സംശയിക്കുന്നു.