കൊല്ലം: കൊല്ലം എസ്.എൻ ലാ കോളേജ് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കാൻ ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോളേജ് കൊവിഡ് സെന്ററിനായി ഏറ്റെടുക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനും രണ്ട് വിദ്യാർത്ഥികളും സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ പ്ലീഡർ ഇക്കാര്യം വ്യക്തമാക്കിയത്.
എസ്.എൻ ട്രസ്റ്റിന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു കോളേജ് കൊവിഡ് സെന്ററിനായി വിട്ടുനൽകിയ സാഹചര്യത്തിൽ ലാ കോളേജ് ഏറ്റെടുക്കില്ലെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എസ്.എൻ ട്രസ്റ്റ് അഭിഭാഷകന്റെ ആവശ്യ പ്രകാരം സർക്കാർ വിശദീകരണം പ്രത്യേകം രേഖപ്പെടുത്താനും കോടതി നിർദ്ദേശിച്ചു. നേരത്തെ കൊവിഡ് സെന്ററാക്കിയതുമായി ബന്ധപ്പെട്ടുള്ള ഹർജിയിലെ മറ്റ് ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും.
രണ്ടാഴ്ച മുമ്പാണ് നഗരസഭയും ജില്ല ഭരണകൂടവും എസ്.എൻ ലാ കോളേജ് കൊവിഡ് സെന്ററാക്കാൻ വാശിയോടെ ശ്രമിച്ചത്. തൊട്ടടുത്തുള്ള നഴ്സിംഗ് കോളേജ് വിട്ടുനൽകാമെന്ന് പറഞ്ഞിട്ടും ലാ കോളേജ് തന്നെ വേണമെന്ന പിടിവാശിലായിരുന്നു ഇരുകൂട്ടരും. കളക്ടറുടെ ഉത്തരവിനെ തുടർന്ന് പൊലീസ്, റവന്യൂ, നഗരസഭാ സംഘം പൂട്ട് തകർത്ത് കോളേജ് ഏറ്റെടുക്കാനെത്തി. ഇതിനെതിരെ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥ സംഘം പിന്തിരിഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ സബ് കളക്ടർ നഴ്സിംഗ് കോളേജ് ഏറ്റെടുക്കാൻ നിർദ്ദേശിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.