gauri

കൊല്ലം: കൊല്ലത്തെ മാർക്‌സിസ്റ്റുകാർക്ക് ഓർമ്മകളിലെന്നും നിറവാണ് കെ.ആർ. ഗൗരിഅമ്മ. ഇ.എം.എസ്, എ.കെ.ജി, ഗൗരിഅമ്മ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളി മുഴങ്ങിയ കാലം.
കൊല്ലത്തുനിന്ന് സഖാക്കൾ ആലപ്പുഴയിലും ആലപ്പുഴക്കാർ കൊല്ലത്തും നിരന്തരം എത്തിയിരുന്നു.

വലിയ സമരങ്ങളുടെയെല്ലാം ഉദ്ഘാടനം നിർവഹിക്കുക ഗൗരിഅമ്മയോ, സുശീലാ ഗോപാലനോ ആയിരുന്നു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഓർമ്മകളിങ്ങനെ: എൻ. ശ്രീധരനായിരുന്നു അന്ന് സി.പി.എം ജില്ലാ സെക്രട്ടറി. ഗൗരിഅമ്മ ഉദ്ഘാടനങ്ങൾക്ക് എത്തിയിരുന്നത് സ്വന്തം ഫിയറ്റ് കാറിലാണ്. മിക്കവാറും സഖാക്കളും കാറിൽ ഒപ്പമുണ്ടാകും. ആള് കൂടുമ്പോൾ കാറിന് ഭാരം കൂടുമെന്ന് പറഞ്ഞ് ഗൗരിഅമ്മ ഇടയ്‌ക്ക് ബലം പിടിക്കാറുമുണ്ട്. അന്നൊരിക്കൽ കൊല്ലത്ത് സമരം ഉദ്ഘാടനം ചെയ്യാൻ ഗൗരിഅമ്മ പോളയത്തോട്ടെ പാർട്ടി ഓഫീസിലെത്തി. അൽപ്പസമയത്തിന് ശേഷം പോകാമെന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ കുറേപ്പേർ ഒപ്പം കൂടി. ഇതോടെ ഗൗരിഅമ്മ ചോദിച്ചു വേറെ കാറില്ലേ. ഗൗരിഅമ്മയുടെ കാറിൽ കയറിപ്പോകാനാ ഞങ്ങൾ കാത്തിരുന്നതെന്ന് ജില്ലാ സെക്രട്ടി എൻ. ശ്രീധരൻ മറുപടി നൽകി. ഈ കാറ് ഭാരം കേറ്റി നശിപ്പിക്കാനുള്ളതല്ല. വേറെ വണ്ടി വിളിച്ച് പോയാൽ മതിയെന്നായി ഗൗരിഅമ്മ. പെട്ടെന്നായിരുന്നു എൻ.എസിന്റെ മറുപടി. അതേ, കാറിൽ ഭാരം കയറ്റാൻ പറ്റില്ലെങ്കിൽ ഗൗരിഅമ്മ നാല് ചുമട്ടുകാരെക്കൂടി കൂടെ കൂട്ട്. അവർ കാറ് ചുമന്ന് നടന്നോളും. ഗൗരവത്തിൽ നിന്ന ഗൗരിഅമ്മയടക്കം എല്ലാവരും ചിരിച്ചുപോയി. സമരസ്ഥലത്തേയ്ക്ക് പോകുമ്പോഴും ഗൗരിഅമ്മയുടെ ചിരി നിലച്ചിരുന്നില്ല.


മേഴ്‌സിക്കുട്ടിക്ക് പകുതി കസേര


1987ലെ ഒരു സംഭവം മനസിലിപ്പോഴും നിറഞ്ഞുനിൽക്കുന്നതായി മുൻ മന്ത്രിയായ ജെ. മേഴ്‌സിക്കുട്ടിഅമ്മ ഓർത്തെടുക്കുന്നു. ഇടതുമുന്നണി അധികാരം പിടിച്ചെടുത്ത സമയം. സത്യപ്രതിജ്ഞാ ചടങ്ങിന് തലസ്ഥാനത്തെത്തിയതാണ് യുവനേതാവായ മേഴ്‌സിക്കുട്ടിഅമ്മ. എത്തിയപ്പോഴേക്കും ആളുകൾ നിറഞ്ഞിരുന്നു. നിൽക്കാൻ പോലും ഇടമില്ല. ഇരിപ്പിടത്തിന് പരതിയ മേഴ്‌സിക്കുട്ടിയെ ആരും കണ്ടതുമില്ല. പക്ഷേ സത്യപ്രതിജ്ഞയ്ക്കായി മുൻ നിരയിലിരുന്ന ഗൗരിഅമ്മ കണ്ടു. അടുത്ത് വിളിച്ച് പകുതി കസേരയിൽ ഇരുന്നോളാൻ പറഞ്ഞു. അന്ന് ഗൗരിഅമ്മ വ്യവസായ - സാമൂഹിക ക്ഷേമ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പ്രതിജ്ഞ കഴിഞ്ഞും ഗൗരിഅമ്മ മേഴ്‌സിക്കുട്ടിഅമ്മയ്ക്കൊപ്പം കസേരയിലിരുന്നു. ഒരു വലിയ നേതാവിനോടുള്ള ആദരവിന്റെ തുടക്കമായിരുന്നു അതെന്ന് മേഴ്‌സിക്കുട്ടിഅമ്മ ഓർക്കുന്നു.