കൊല്ലം: കൊവിഡ് കാലത്ത് തെരുവിൽ കഴിയുന്നവർക്ക് പാർപ്പിടവും ഭക്ഷണ സൗകര്യവുമൊരുക്കി കൊല്ലം നഗരസഭ. തേവള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് കെട്ടിടങ്ങളിലാണ് താമസ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടലിൽ നിന്ന് ഇവർക്കുള്ള ഭക്ഷണവുമെത്തിക്കും.
ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് ശേഷമാണ് കേന്ദ്രത്തിൽ പ്രവേശനം നൽകുന്നത്. നിലവിൽ 55 പേരെയാണ് പാർപ്പിച്ചിട്ടുള്ളത്. ഇവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സിവിൽ ഡിഫൻസ് വോളണ്ടിയർമാരെയും നിയമിച്ചിട്ടുണ്ട്. ഇതിനുപുറമെ ആശ്രാമത്തും ബീച്ചിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കൾക്കും നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകുന്നുണ്ട്.
മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ യു. പവിത്ര, ഗീതാകുമാരി, ജയൻ, ഉദയകുമാർ, സവിതാദേവി തുടങ്ങിയവർ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.