ചാത്തന്നൂർ: പാരിപ്പള്ളി മുക്കട നീരോന്തിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മത്സ്യമാർക്കറ്റിനെതിരെ നടപടിയുമായി കല്ലുവാതുക്കൽ പഞ്ചായത്തും പാരിപ്പള്ളി പൊലീസും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നീരോന്തിയിൽ കശുഅണ്ടി ഫാക്ടറിക്ക് സമീപം പ്രവർത്തിച്ചുവന്ന മത്സ്യമാർക്കറ്റ് ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു.
നിയന്ത്രണങ്ങൾ ലംഘിച്ച് തിരുവനന്തപുരത്തെ അഞ്ചുതെങ്ങിൽ നിന്നടക്കം ഇവിടെ മത്സ്യമെത്തിച്ച് കച്ചവടം നടത്തിയിരുന്നു. പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് മത്സ്യം പിടിച്ചെടുത്തെങ്കിലും കർശനമായ ഉപാധികളോടെ വിട്ടുനൽകി. മത്സ്യക്കച്ചവടക്കാർക്കും വാങ്ങാനെത്തിയ പതിനഞ്ചോളം പേർക്കെതിരെയും പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.