കൊല്ലം: തെന്നിന്ത്യൻ വാദ്യകലാകാരൻ കടയ്ക്കൽ ദർപ്പക്കാട് അംബേദ്കർ ഗ്രാമം ഉമാ ഭവനിൽ ഗോവിന്ദ മണി എന്ന പേരിൽ ശ്രദ്ധേയനായ കരുണാകരൻ (70) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ആദ്യം ഭക്തിഗാനസുധ കലാകാരനായിരുന്നു. പിന്നീട് ചെണ്ടയിൽ ശിങ്കാരിമേളം എന്ന പുതിയ ശൈലി രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഉത്സവകാലങ്ങളിൽ തിരക്കുള്ള ശിങ്കാരിമേളം കലാകാരനായി. ഇങ്ങനെ കൂടുതൽ പ്രസിദ്ധനായതോടെയാണ് ഗോവിന്ദമണി എന്ന പേര് സ്വയം സ്വീകരിച്ചത്. സംസ്ഥാനത്തിന് പുറത്തും ശിങ്കാരിമേളം അവതരിപ്പിക്കുമായിരുന്നു. തിരുമല തിരുപ്പതിയിലെയും വിജയവാഡ കനകദുർഗ ദേവസ്ഥാനത്തെയും ആസ്ഥാന വാദ്യവിദ്വാൻ എന്ന പട്ടം ലഭിച്ചിട്ടുണ്ട്. രാജ്യത്തെ നൂറിൽപരം ക്ഷേത്രങ്ങളിൽ വാദ്യ വിദ്വാൻ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഓമന. മക്കൾ: ഉമാകാന്ത്, ഉമാനാഥ്, ഉമാമിനി. മരുമക്കൾ: രേഷ്മ, രജിത, പ്രഭാകരൻ.