കുന്നത്തൂർ : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ കൊവിഡ് സെന്ററിന്റെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കും. പടിഞ്ഞാറ്റംമുറിയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. ഒരേ സമയം 25 രോഗികളെ ഇവിടെ പരിചരിക്കാൻ കഴിയും. ഡോക്ടർമാർ, നഴ്സുമാർ എന്നിവരുടെ സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കും ജീവനക്കാർക്കും ആവശ്യമായ ഭക്ഷണം മൂന്നുനേരവും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക അടുക്കളയിൽ നിന്നെത്തിക്കും. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമാണെന്ന് പ്രസിഡന്റ് ശ്രീകുമാർ പറഞ്ഞു. ഇന്ന് രാവിലെ 10ന് കൊടിക്കുന്നിൽ സുരേഷ് എം.പി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും .പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. സോമപ്രസാദ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. വിജയലക്ഷ്മി സ്വാഗതവും സെക്രട്ടറി ശുചീന്ദ്രൻ നന്ദിയും പറയും.