crime

കൊല്ലം: പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് മക്കൾക്കും ഭാര്യയ്ക്കും വിഷം നൽകി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് മക്കളും മരിച്ചു. ഗൃഹനാഥൻ ഗുരുതരാവസ്ഥയിൽ. മൂത്ത മകൾ ആറ് വയസുകാരി രക്ഷപ്പെട്ടു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയിൽ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്വാതിയിൽ വാടകയ്ക്ക് താമസിക്കുന്ന മൺറോത്തുരുത്ത് പെരുങ്ങാലം, ഐറോപ്പിൽ വീട്ടിൽ വർഷ (26), ഇളയ മക്കളായ അലൻ (5), ആരവ് (3 മാസം) എന്നിവരാണ് മരിച്ചത്. വർഷയുടെ ഭർത്താവ് എഡ്വേർഡ് (41, അജിത്ത്) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഇളയകുട്ടിയുടെ പ്രസവശേഷം മുഖത്തലയിലെ സ്വവസതിയിലായിരുന്ന വർഷയെ നിർബന്ധപൂർവം കേരളപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വിഷം കലർത്തിയ പാനീയം കുടിക്കാൻ കൊടുത്തുവെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത്‌ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി.

വീട്ടിലെത്തിയ വർഷയുമായി എഡ്വേർഡ് വഴക്കുണ്ടാവുകയും അയൽവാസികൾ ഇടപെടുകയും ചെയ്തു. സ്ഥലത്തെ സാമൂഹ്യപ്രവർത്തകൻ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഇയാൾ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം അറിയുന്നത്. മതിൽ ചാടിക്കടന്നെത്തിയ ബന്ധുവാണ് ഇവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് കുട്ടികൾ ഇരുവരും മരിച്ചിരുന്നു. തുടർന്ന് വർഷയെയും എഡ്വേർഡിനെയും കൊല്ലത്തെ ആശുപത്രിയിൽ കൊണ്ടുപോകും വഴി വർഷയും മരിച്ചു.

പാനീയം കുടിക്കാൻ നൽകിയെങ്കിലും കയ്പ്പുള്ളതിനാൽ തുപ്പിക്കളഞ്ഞതായി മൂത്തകുട്ടി പൊലീസിന് മൊഴി നൽകി. സംശയരോഗത്തിന് അടിമയായിരുന്നു എഡ്വേർഡ് എന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടുപരിസരത്ത് നിന്ന് സിറിഞ്ചും കണ്ടെടുത്തു. കുണ്ടറയിലെ സ്വകാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരനാണ് എഡ്വേർഡ്. കുണ്ടറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.