photo
കരുനാഗപ്പള്ളി ദേശീയപാതയിൽ പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നു.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 667 കൊവിഡ് രോഗികൾ. ഇതിൽ 59 പേർ ആശുപത്രികളിലും 608 പേർ വീടുകളിലുമാണ് കഴിയുന്നത്. വീടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകളും മറ്റ് നിർദേശങ്ങളും ആരോഗ്യ വകുപ്പിൽ നിന്ന് ആശാ വർക്കർമാർ മുഖേനെയാണ് നൽകുന്നത്. എല്ലാ ദിവസവും ക്ലസ്റ്റർ മീറ്റിംഗ് കൂടി രോഗവ്യാപനത്തെ കുറിച്ച് അവലോകനം നടത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുകയാണ്.

രോഗലക്ഷണമുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടില്ലെന്നാണ് പൊലീസിന്റെ നിർദേശം. ഇതോടൊപ്പം ആരോഗ്യ വകുപ്പ് മുൻകൈയെടുത്ത് ശക്തമായ ബോധവത്കരണവും നടത്തുന്നുണ്ട്. നഗരസഭയുടെ നിയന്ത്രണത്തിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ എല്ലാ ദിവസവും ആന്റിജൻ ടെസ്റ്റും ആർ.ടി.പി.സി.ആർ ടെസ്റ്റും നടത്തുന്നുണ്ട്. പൊതുസമൂഹം ലോക്ക് ഡൗണിനോട് പൂർണമായും സഹകരിക്കുന്നതിനാൽ നഗരസഭാ പരിധിയിൽ രോഗം ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

വാഹനങ്ങളിൽ എത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് പോകാൻ അനുവദിക്കുന്നത്. മതിയായ രേഖകളില്ലാത്തവരെ തിരികെ അയയ്ക്കും. ദേശീയ പാതയിലും ഗ്രാമ പ്രദേശങ്ങളിലെ നാൽക്കവലകളിലും പൊലീസ് ശക്തമായ പരിശോധനയാണ് നടത്തുന്നത്.