v

കരുനാഗപ്പള്ളി: ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന 165 ലിറ്റർ കോടയും വില്പനയ്ക്കായി കരുതിയിരുന്ന 5 ലിറ്റർ ചാരായവും കരുനാഗപ്പള്ളി എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി. എൽ. വിജിലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കോടയും ചാരായവും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പാട് അഴീക്കൽ വടക്ക് മുറിയിൽ പടന്നയിൽ കാട്ടിൽ ഡെന്നീസ് രഘു(35), കല്ലേലിഭാഗം മുഴങ്ങോടി മുറിയിൽ കിഴക്കേ വിളയിൽ കിഴക്കതിൽ രാധാകൃഷ്ണപിള്ള, തെക്കുംഭാഗം വില്ലേജിൽ വടക്കുഭാഗം മുറിയിൽ പാലവിളയിൽ വീട്ടിൽ പ്രസാദ് എന്നിവരുടെ പേരിൽ കേസെടുത്തു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈ. സജികുമാർ, സന്തോഷ്, കിഷോർ, സുധീർ ബാബു, ഡ്രൈവർ ശിവൻകുട്ടി എന്നിവരും പങ്കെടുത്തു. മദ്യം മയക്കുമരുന്ന് എന്നിവയുടെ വില്പന സംബന്ധിച്ച പരാതികൾ 04762630831,9400069456 എന്ന നമ്പരിൽ അറിയിക്കാം.