fireforce

 നഗരപരിധിയിൽ സൗജന്യ ആംബുലൻസ് സേവനം

കൊല്ലം: കൊവിഡ് രണ്ടാം വ്യാപനം മൂലം ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങാകാൻ ചാമക്കട അഗ്നിരക്ഷാ നിലയം. നഗരപരിധയിലുള്ളവർക്ക് അവശ്യമരുന്നുകൾ എത്തിക്കുക, സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങിയ സേവനങ്ങളാണ് ഇവിടെ നിന്ന് ലഭ്യമാക്കുന്നത്. ഇതിനായി നിലയത്തിൽ കൺട്രോൾ റൂം പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ആർ.സി.സിയിൽ നിന്നുൾപ്പെടെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ മരുന്നുകൾ വാങ്ങി വീട്ടിലെത്തിക്കും. ഇതിനായി മരുന്നിന്റെ കുറിപ്പടിയും പണമടച്ചതിന്റെ രേഖയും വാട്സ്ആപ്പ് നമ്പരിലേക്ക് അയച്ചാൽ മതിയാകും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും അവശ്യമരുന്നുകൾ എത്തിച്ചുനൽകുന്നതിൽ ശ്രദ്ധേയമായ സേവനം ചാമക്കട നിലയം നടത്തിയിട്ടുണ്ട്.

സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ അണുനശീകരണവും നടത്തുന്നുണ്ട്. ഇതിനുപുറമെ നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്ന 43 പേരെ കണ്ടെത്തി കൊല്ലം ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിലെത്തിച്ചിരുന്നു. ഒറ്റപ്പെട്ട് കഴിയുന്ന വയോധികർക്കുൾപ്പെടെ ആവശ്യമായ സേവനം ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

 വോളന്റിയർമാർക്ക് പരിശീലനം

കൊവിഡ് നിയന്ത്രണത്തിനായി ചാമക്കട അഗ്നിരക്ഷാ നിലയത്തിന് കീഴിൽ അൻപതോളം സന്നദ്ധ സേവകർക്ക് പരിശീലനം നൽകി. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, പൊലീസ് പരിശോധന, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കാളികളായ വോളന്റിയർമാർക്കാണ് പരിശീലനം നൽകിയത്.

 " മരുന്നുകൾ എത്തിക്കുന്ന ഉൾപ്പെടെയുള്ള അവശ്യസേവനത്തിന് ചാമക്കട അഗ്നിരക്ഷാനിലയം സജ്ജമാണ്. ഉദ്യോഗസ്ഥർക്ക് പുറമെ സന്നദ്ധ സേവകരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്"

അനന്തു, സ്റ്റേഷൻ ഓഫീസർ, ചാമക്കട അഗ്നിരക്ഷാ നിലയം

ചാമക്കട അഗ്നിരക്ഷാ നിലയം: 0474 2750201
ആംബുലൻസ് സേവനം: 7012900391