കൊല്ലം: കൊവിഡ് വ്യാപനത്തിൽ ജില്ലയിൽ ഇന്നലെ പുതിയ റെക്കാർഡ്. ജില്ലയിൽ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യമായി മൂവായിരം കടന്നു. കൊവിഡ് വ്യാപകമായി ജനങ്ങൾക്കിടയിൽ പടർന്നുവെന്നാണ് ഉയരുന്ന കണക്കുകൾ നൽകുന്ന സൂചന.
ലോക്ക്ഡൗൺ കൊണ്ടുള്ള പ്രയോജനം വ്യക്തമാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്ത് നിന്നും നാലുപേർ പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. എട്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 3,344 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 2815 പേർ രോഗമുക്തരായി.
കുതിച്ചുയർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി
ഇന്നലെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നു. 11,467 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 3,350 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിൽ കൊവിഡ് വ്യാപനം മറ്റ് സ്ഥലങ്ങളേക്കാൾ കുറവായിരുന്നു. എന്നാൽ ഇന്നലത്തെ കണക്ക് കൊല്ലത്തും മറ്റ് സ്ഥലങ്ങളിലേതിന് സമാനമായ വ്യാപനം ഉണ്ടായെന്ന സൂചനയാണ് നൽകുന്നത്. സംസ്ഥാനത്തെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.88 ആണ്. പ്രതിരോധം ശക്തമാക്കിയിട്ടും വ്യാപനം കുറയാത്തത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
11 ദിവസം 42 മരണം
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഈമാസം 1 മുതൽ 11 വരെ 42 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് വ്യാപനം ആരംഭിച്ചിന് ശേഷം മരണസംഖ്യ ഇത്രയേറെ വർദ്ധിച്ചത് ഏപ്രിൽ പകുതിക്ക് ശേഷമാണ്.
ആകെ കൊവിഡ് ബാധിച്ചത്: 1,41,117
നിലവിൽ ചികിത്സയിലുള്ളവർ: 10,956
രോഗമുക്തർ: 1,29,709
മരണം: 427
ദിവസം - ടെസ്റ്റ് പോസിറ്റിവിറ്റി
ഇന്നലെ- 29.21
11- 23.5
10- 22.38
9- 23.44
8- 27.08
7- 20.73