ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളിയായി ഗവ. സിദ്ധ ഡിസ്പെൻസറിയും. 'സ്വാസ്ഥ്യം' എന്ന പേരിലാണ് പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻകരുതൽ ചികിത്സയടക്കം ലഭ്യമാക്കുന്നത്. വയോധികർക്കായി സുഖയൂഷ്യം, രോഗമുക്തി നേടിയവർക്ക് വരാവുന്ന ശരീരവേദന, സന്ധിവേദന, ശ്വാസംമുട്ട്, രുചിയില്ലായ്മ എന്നിവയ്ക്ക് പുനർജ്ജനി, നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അമൃതം എന്നിങ്ങനെയുള്ള ചികിത്സാ പദ്ധതികളാണ് ഡിസ്പെൻസറിയിൽ നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അറിയിച്ചു. കല്ലുവാതുക്കൽ ജംഗ്ഷനിൽ നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.