പുനലൂർ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയ ഡി.വൈ.എഫ്.ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇളമ്പൽ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ഇളമ്പൽ മരങ്ങാട് താന്നിത്തടം ചരുവിള വീട്ടിൽ ബി. അനിൽ കുമാറാണ് (39) മരിച്ചത്.
ഇളമ്പൽ മരങ്ങാട് സ്വദേശിയുടെ മൃതദേഹം അനിൽ കുമാറും മറ്റ് മൂന്ന് പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു. തുടർന്ന് വീട്ടിലെത്തിയ യുവാവ് വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയിൽ നെഗറ്റീവാണ്. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: മോനിഷ. മകൻ: അമൽ.