wp
കുലശേഖരപുരം ആനന്ദാ ജംഗ്ഷനിൽ ദേശീയ പാതയോരത്ത് കഴിഞ്ഞ ദിവസം ഉപേക്ഷിച്ച ഇറച്ചിക്കോഴി അവശിഷ്ടം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് മൂടുന്നു.

തഴവ: കുലശേഖരപുരം, തഴവ ഗ്രാമ പഞ്ചായത്തുകളിൽ അനധികൃത ഇറച്ചി വിൽപ്പനശാലകൾ വ്യാപകം. പഞ്ചായത്തിന്റെയോ, ആരോഗ്യവകുപ്പിന്റെയോ അംഗീകാരമില്ലാതെ നിരവധി കോഴിയിറച്ചി വിൽപ്പന ശാലകളും അറവുശാലകളും പ്രവർത്തിക്കുന്നുണ്ട്. ലൈസൻസ് ഇല്ലാത്ത ഇവർക്ക് ഇറച്ചി അവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനോ, വിൽപ്പശാലകളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിനോ യാതൊരു സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്. ഭൂരിഭാഗം ഇറച്ചി വിൽപ്പന ശാലകളും ചെറിയ ഒറ്റമുറി കടകളിലാണ് പ്രവർത്തിച്ച് വരുന്നത്. ദുർഗന്ധം സഹിച്ചാണ് ഇതുവഴി ആളുകൾ കടന്ന് പോകുന്നത്.

ഇറച്ചി വിൽപ്പന കൂടുതലായി നടക്കുന്ന ദിവസങ്ങിലെ അവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങിലും പ്രധാന പാതകളുടെ വശങ്ങളിലും തള്ളുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസം കുലശേഖരപുരം ആനന്ദാ ജംഗ്ഷന് സമീപം ദേശീയ പാതയോരത്ത് വൻതോതിൽ കോഴിയിറച്ചിയുടെ അവശിഷ്ടം ഉപേക്ഷിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ദുസഹമായ ദുർഗന്ധം വമിയ്ക്കുന്ന മാലിന്യം ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ചാണ് കുഴിച്ച് മൂടിയത്.

വലിയ രീതിയിൽ സാമൂഹ്യ ഭീഷണിയാകുന്ന അനധികൃത ഇറച്ചി വിൽപ്പന ശാലകളെ നിയന്ത്രിക്കുന്നതിന് അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.