v

ചാത്തന്നൂർ: സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുള്ള കല്ലുവാതുക്കലിന് ഇനി സ്വന്തമായി കൊവിഡ് ചികിത്സാകേന്ദ്രം. പഞ്ചായത്തിന്റെ പരിധിയിലുള്ള രോഗികളെ മാത്രം പ്രത്യേകം താമസിപ്പിച്ച് ചികിത്സിക്കുന്നതിനുള്ള ഡോമിസിലിയറി കൊവിഡ് കെയർ സെന്ററിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ നിർവഹിച്ചു. കല്ലുവാതുക്കൽ വില്ലേജ് ഓഫീസിന് സമീപം കടമാൻതോട്ടത്തെ ബാങ്കിംഗ് പരിശീലനസ്ഥാപനമാണ് ചികിത്സാ കേന്ദ്രമാക്കിയത്. ആദ്യഘട്ടത്തിൽ 50 രോഗികൾക്കാണ് പ്രവേശനം. തുടർന്ന് 120 രോഗികളെ ചികിത്സിക്കാവുന്ന തലത്തിലേയ്ക്ക് സൗകര്യങ്ങൾ ഉയർത്തും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ആശാദേവി, ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാപ്രതാപ്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു ലക്ഷ്മണൻ, രജീതാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. ദസ്തക്കീർ, ആശ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. പ്രമീള, മെഴ്സി, ബി.ആർ. ദീപ, രജനി രാജൻ, എസ്. വിജയൻ, പി. പ്രതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ, മെഡി. ഓഫീസർ ഡോ. സി.ജെ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.

ചിട്ടയായ പ്രവർത്തനങ്ങൾ

ചാത്തന്നൂർ: കൊവിഡ് രണ്ടാംഘട്ട വ്യാപനത്തെ നേരിടാൻ ചിട്ടയായ പ്രവർത്തനങ്ങളുമായി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്. രോഗം സ്ഥിരീകരിക്കുന്നവരുടെയും രോഗമുക്തി നേടുന്നവരുടെയും വിവരങ്ങൾ ഓരോ വാ‌ർഡിലെയും ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ലഭ്യമാക്കുന്നുണ്ട്. വാർഡുകളിൽ ജാഗ്രതാസമിതി, ക്ലസ്റ്റർ മോണിട്ടറിംഗ് സമിതി എന്നിവയ്ക്ക് പുറമേ ഏഴംഗ കൊവിഡ് ബ്രിഗേഡും പ്രവർത്തിക്കുന്നുണ്ട്. മുഴുവൻ വാർഡുകളിലും പ്രതിരോധ ഹോമിയോ, ആയുർവേദ മരുന്നുകൾ ലഭ്യമാക്കി.

ക്രോ കണ്ടയിൻമെന്റ് സോണുകളിൽ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ കേന്ദ്രീകൃത സംഭരണശാല ആരംഭിച്ചു. ഇവിടെ ജനകീയഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ് വാക്സിനെടുക്കുന്നവർക്കായി ഓരോ വാർഡിലും 70 പേർക്ക് വീതം രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും ലഭ്യമാകുന്ന തരത്തിൽ രണ്ട് ആംബുലൻസുകളുടെയും ആറ് ഇതര വാഹനങ്ങളുടെയും സൗജന്യസേവനം ഉറപ്പാക്കി.

ഹെൽപ്പ് ഡെസ്ക്

പഞ്ചായത്തോഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിലൂടെ എല്ലാ വിവരങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. മൈക്രോ കണ്ടയ്ൻമെന്റ് സോണിൽ ഉൾപ്പെടെ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളവും എത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, സെക്രട്ടറി ബിജു ശിവദാസൻ എന്നിവർ അറിയിച്ചു.