കരുനാഗപ്പള്ളി: കൊവിഡ് ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ശക്തമായ കാറ്റും കടലാക്രമണവും ആലപ്പാടിന്റെ തീരത്തെ ജനങ്ങൾ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് ആലപ്പാട്ട് കടലാക്രമണം രൂക്ഷമായത്. വെള്ളനാതുരുത്ത് മുതൽ വടക്കോട്ട് അഴീക്കൽ വരെ ശക്തമായ കടലാക്രമണമാണുള്ളത്. വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ച കടൽ ക്ഷോഭം ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. ഉച്ചക്ക് ശേഷമാണ് കടലാക്രമണം ശക്തി പ്രാപിക്കുന്നത്. നിലവിലുള്ള കരിങ്കൽ ഭിത്തികളേയും മറികടന്നാണ് കൂറ്റൻ തിരമാലകൾ കരയിലേക്ക് ഇരച്ച് കയറി നാശനഷ്ടങ്ങൾ വരുത്തുന്നത്. കടൽ ക്ഷോഭത്തെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. കൂറ്റൻ തിരമാലകൾ റോഡും കടന്ന് ടി.എസ്.കനാലിലാണ് പതിക്കുന്നത്. കരിങ്കല്ലുകൊണ്ട് സംരക്ഷണ ഭിത്തി നിർമ്മിക്കണം പഞ്ചായത്തിലുടനീളം കടലാക്രമണം ശക്തമാണ്.സമുദ്ര തീര സംരക്ഷണ ഭിത്തികൾ തകർന്ന് കിടക്കുന്ന ഭാഗങ്ങളിലാണ് കടൽ ക്ഷോഭം രൂക്ഷം. ഗ്രാമപഞ്ചായത്ത് അധികൃതർ ജെ.സി.ബി ഉപയോഗിച്ച് കരിമണൽ പൊക്കത്തിൽ ഇട്ട് തിരമാലകളുടെ ശക്തി കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ചവറയിൽ വേട്ടുതറ, കാട്ടിൽമേക്കതിൽ ദേവീക്ഷേത്രം എന്നിവിടങ്ങളും കടലാക്രമണ ഭീഷണിയുണ്ട്. കടൽ ആക്രമണം രാത്രിയിലും തുടർന്നാൻ സമുദ്ര തീരങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ താലൂക്ക് അധികാരികൾ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി. എന്നാൽ കൊവിഡ് ഭീതിയിൽ ക്യാമ്പുകളിലേക്ക് താമസം മാറാൻ ആളുകൾ തയ്യാറാകാത്തതും ആശങ്കയ്ക്ക് കാരണമാണ്. ഇതുപോലുള്ള സാഹചര്യങ്ങളിൽ ആശങ്ക ഒഴിവാക്കണമെങ്കിൽ ആലപ്പാടിന്റെ സമുദ്രതീരം പൂർണമായും കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് സർക്കാരിനോട് ആവശ്യപ്പെട്ടു. കടലാക്രമണ പ്രദേശങ്ങൾ നിയുക്ത എം.എൽ.എ സി.ആർ.മഹേഷ് സന്ദർശിച്ചു. കൺട്രോൾറൂം കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം തയ്യാറായി. ഫോൺ: 2620223: