കൊല്ലം: ആരോഗ്യ വകുപ്പിലെ രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്ത ശമ്പള നിരക്കിലെ അപാകതകൾ പുനഃപരിശോധിച്ച് തെറ്റുകൾ തിരുത്തണമെന്ന് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് അസോ. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 22200-48000 രൂപയായിരുന്ന ശമ്പളനിരക്ക് 31100-66800 ആയും 22200-48000 ശമ്പള നിരക്കുള്ള തസ്തികകളായ രണ്ടാം ഗ്രേഡ് ലാബ് ടെക്‌നീഷ്യൻ, റേഡിയോ ഗ്രാഫർ, ഫാർമസിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡെന്റൽ ഹൈജിനിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങിയവരുടെ ശമ്പളം 35600-75400 രൂപയായും ശമ്പള കമ്മിഷൻ വർദ്ധിപ്പിച്ചിരുന്നു.
വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം മികച്ച സേവനം നടത്തുന്ന ജീവനക്കാരെ ഒന്നടങ്കം അവഗണിക്കുന്ന താഴ്ന്ന ശമ്പള നിരക്കാണ് രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്ക് കമ്മിഷൻ ശുപാർശ ചെയ്തത്. നേരത്തെ ഒരേ നിരക്കിൽ ശമ്പളം വാങ്ങിയ കൊവിഡ് മുന്നണി പോരാളികളായ ജീവനക്കാരെ മാത്രം കമ്മിഷൻ നിലവിലുള്ള വർദ്ധനവിൽ ഒഴിവാക്കിയിരിക്കുകയാണെന്ന് കമ്മിഷൻ അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടിയതായി അസോ. സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ. ബാലഗോപാൽ പറഞ്ഞു.
മറ്റ് ആവശ്യങ്ങൾ
1. എല്ലാ ഫീൽഡ് ജീവനക്കാർക്കും റിസ്ക് അലവൻസ്
2. ഓഫീസ് വാടക, യൂണിഫോം അലവൻസ്
3. ജനസംഖ്യയനുസരിച്ച് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ എണ്ണം കൂട്ടി ജൂനിയർ എച്ച്.ഐമാരെ നിയമിക്കുക
4. ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കുക
5. 25 വർഷം സർവീസുള്ള എല്ലാ ജീവനക്കാർക്കും പൂർണ പെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തുക
6. സർക്കാരും പി.എസ്.സിയും അംഗീകരിച്ച സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാരെ ഒഴിവാക്കിയുള്ള സ്ഥാനക്കയറ്റം പുനഃപരിശോധിക്കുക