കൊല്ലം: അറബിക്കടലിൽ രൂപപ്പെട്ട 'ടൗക്തേ ചുഴലിക്കാറ്റിനെ തുടർന്ന് മുന്നോട്ട് പോകാനാകാതെ നാല് ബാർജുകൾ കൊല്ലം പോർട്ടിൽ അടുപ്പിച്ചു. ഇതിന് പുറമേ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പാറ കൊണ്ടുപോയിക്കൊണ്ടിരുന്ന രണ്ട് ബാർജുകളും (വെസൽ) പോർട്ടിൽ നങ്കൂരമിട്ടു.
ശ്രീലങ്കയിൽ നിന്ന് ഗോവയിലെ പനാജി തുറമുഖത്തേക്ക് അറ്റകുറ്റപ്പണിക്ക് പോവുകയായിരുന്നു മൂന്ന് ബാർജുകൾ കൊല്ലം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെവച്ച് ശക്തമായ കാറ്റും തിരയും കാരണം മുന്നോട്ട് നീങ്ങാനാകാത്ത അവസ്ഥയായി. ഇതോടെ തൊട്ടടുത്തുള്ള കൊല്ലം പോർട്ടിലേക്ക് നീങ്ങാൻ ആലോചിച്ചു. അങ്ങനെ ബാർജുകളുടെ ക്യാപ്ടൻമാർ കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് ഏജൻസിയെ ബന്ധപ്പെട്ടു. അവരാണ് കൊല്ലം പോർട്ടിൽ അടുക്കാനുള്ള സൗകര്യം ഒരുക്കിനൽകിയത്. വ്യാഴാഴ്ച ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി ബാർജുകൾ പോർട്ടിൽ അടുപ്പിച്ചു.
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ സംവിധാനമില്ലെങ്കിലും കമ്മിഷണറുടെ കീഴിൽ താത്കാലിക എമിഗ്രേഷൻ വിഭാഗവും തുറമുഖ വകുപ്പ് അധികൃതരും കസ്റ്റംസുകാരും അപകടസാദ്ധ്യത ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സഹകരിച്ചു. ഓരോ ശ്രീലങ്കൻ ബാർജിലും പത്ത് വീതം തൊഴിലാളികളുണ്ട്. ഇവരെല്ലാം ഇന്ത്യക്കാരാണ്.
മുംബയിൽ നിന്ന് കാക്കിനടയിലേക്ക് പോവുകയായിരുന്ന ബാർജാണ് ഇവിടെ അടുപ്പിച്ച മറ്റൊരെണ്ണം. കാലാവസ്ഥയിൽ മാറ്റം വന്നാൽ തിങ്കളാഴ്ചയോടെ പുറപ്പെടാനാണ് ആലോചന.