yuva
യുവജനകൂട്ടായ്മ

കുന്നിക്കോട് : കൊവിഡ് രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായ ഹസ്തവുമായി വിളക്കുടി ഗ്രാമപഞ്ചായത്തിലെ കാര്യറയിൽ പ്രവർത്തിക്കുന്ന യുവജനകൂട്ടായ്മ . രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനും കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംസ്‌കരിക്കാനും രോഗം കാരണം ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കുവാനും 24 മണിക്കൂറും ഇവർ സന്നദ്ധരാണ്. കാര്യറ താവളം ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ. പത്തനാപുരം,പുനലൂർ താലൂക്കുകളിലെ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി ഇവർ സജീവമാണ്. കാര്യറ സ്വദേശികളായ ഷഹാസ്,മുഹമ്മദ് അഫ്സൽ, മജീദ്, ഷിബിൻ കുഞ്ഞാ, നഹാസ്, ഷെഹീർ ജമാൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ഈ സംഘം. പി.പി.ഇ കിറ്റും കൊവിഡ് പ്രോട്ടോക്കോളും പൂർണമായും പാലിച്ചുകൊണ്ടാണ് ഇവർ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യവകുപ്പ് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിലേക്ക് എത്തിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.